തമിഴ്നാട് മന്ത്രി എ.പെരിയസാമിയുടെ വസതിയിലും ഗസ്റ്റ് ഹൗസിലും ഇഡി റെയ്ഡ്
Saturday, August 16, 2025 11:20 AM IST
ചെന്നൈ: തമിഴ്നാട് മന്ത്രി ഐ. പെരിയസാമിയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.
ശനിയാഴ്ച രാവിലെ ചെന്നൈയിലെ ഗ്രീൻവേയ്സ് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലും തിരുവല്ലിക്കേനിയിലെ എംഎൽഎ ഗസ്റ്റ് ഹൗസിലും മധുരയിലെയും ഡിണ്ടിഗലിലെയും നിരവധി സ്ഥലങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി.
കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച സംശയാസ്പദമായ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡുകൾ.
മന്ത്രിയുടെ ഗ്രീൻവേസ് റോഡിലെ വീടിന് സമീപം സംഘർഷാവസ്ഥയുണ്ടായി. വീട്ടിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും ഉദ്യോഗസ്ഥരെ ചിലർ തടഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കനത്ത പോലീസ് സന്നാഹത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. സ്വത്തുക്കളും സാമ്പത്തിക രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണെന്ന് റിപ്പോർട്ടുണ്ട്.