ഇനി ഗ്ലാമർ പോരാട്ടം; യുഎസ് ഓപ്പണ്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് ഇന്നു മുതല്‍
Tuesday, August 19, 2025 9:31 AM IST
ന്യൂയോര്‍ക്ക്: സീസണിലെ ഗ്രാന്സ്ലാം ടെന്നീസ് പോരാട്ടങ്ങളില്‍ ഏറ്റവും അവസാനത്തേതായ യുഎസ് ഓപ്പണിന് ഇന്നു തുടക്കം. ഗ്ലാമര്‍ വര്‍ധിപ്പിച്ച മിക്സഡ് ഡബിള്‍സ് പോരാട്ടങ്ങളാണ് ഇന്നു തുടങ്ങുക.
പുരുഷ-വനിതാ സിംഗിള്‍സ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ നടക്കുന്ന, ഫാന്‍ വീക്കിലാണ് മിക്സഡ് ഡബിള്‍സിന്റെ പുതിയ പതിപ്പായ ‘ഗ്ലാമര്‍ സ്ലാം’ അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. സിംഗിള്‍സ് കളിക്കാരെ കൂട്ടിഘടിപ്പിച്ച് സാമ്പത്തിക ലാഭത്തിനായി വാര്‍ത്തെടുത്ത മിക്സഡ് ഡബിള്‍സ് ടീമുകളാണ് ഇത്തവണത്തെ യുഎസ് ഓപ്പണിന്റെ പ്രത്യേകതയെന്നു വിമര്‍ശനമുണ്ട്.
എന്തുകൊണ്ട് ഗ്ലാമര്‍
പതിവിനു വിപരീതമായി പുരുഷ-വനിതാ വിഭാഗങ്ങളിലെ സിംഗിള്‍സ് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ മിക്സഡ് ഡബിള്‍സ് ടീമുകളെ ഉണ്ടാക്കിയിരിക്കുന്നത്.
പുരുഷ സിംഗിള്‍സിലെ മുന്‍നിര താരങ്ങളായ യാനിക് സിന്നര്‍, കാര്‍ലോസ് അല്‍കരാസ്, അലക്സാണ്ടര്‍ സ്വരേവ്, ഡാനില്‍ മെദ്വദേവ്, ജാക് ഡ്രെപ്പര്‍, ടെയ്ലര് ഫ്രിറ്റ്സ്, കാസ്പര്‍ റൂഡ്, ഗോള്ജര് റൂണ്, ആന്ദ്രെ റുബ്ലെവ്, നൊവാക് ജോക്കോവിച്ച് തുടങ്ങിയവരെല്ലാം ഡബിള്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം വനിതാ സിംഗിള്‍സില്‍ വമ്പന്‍ താരങ്ങളായ ഇഗ ഷ്യാങ്ടെക്, മാഡിസണ്‍ കീസ്, ജെസിക്ക പെഗുല, എലെന റെബാകിന, മിറ ആന്‍ഡ്രീവ, സാറ ഇറാനി, നവോമി ഒസാക്ക, എമ്മ റാഡുകാനു തുടങ്ങിയവരും അണിനിരക്കും.
8.73 കോടി സമ്മാനം
വിജയിക്കുന്ന ടീമിന്, യുഎസ് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 8.73 കോടി രൂപയാണ് ലഭിക്കുക. അതായത് ഒരു മില്യണ്‍ ഡോളര്‍. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ സമ്മാനത്തുക 20 ലക്ഷം ഡോളര്‍ വര്‍ധിപ്പിച്ചു. 19, 20 തീയതികളിലായി ആര്‍തര്‍ ആഷെ, ലൂയിസ് ആംസ്ട്രോംഗ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. 24 മുതലാണ് സിംഗിള്‍സ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.
റാഡുകാനു-അല്‍കരാസ് സഖ്യം ഒന്നാം സീഡായ ജെസിക്ക പെഗുല-ജാക് ഡ്രെപ്പര്‍ കൂട്ടുകെട്ടിനെ നേരിടും.
16 ടീം, നേരിട്ട് 8 ടീം
പുതിയ ഫോര്‍മാറ്റ് അനുസരിച്ച്, 16 ടീമുകളാണ് മിക്സഡ് ഡബിള്‍സില്‍ പങ്കെടുക്കുക. എന്‍ട്രിക്കായി രജിസ്റ്റര്‍ ചെയ്ത 24 ടീമുകളിലെ പുരുഷ-വനിതാ സിംഗിള്‍സ് റാങ്കിംഗ് അനുസരിച്ചുള്ള റേറ്റിംഗിലൂടെ എട്ട് ടീമുകള്‍ക്കു നേരിട്ട് യോഗ്യത നല്കി.
തുടര്‍ന്ന് എട്ട് ടീമുകളെ വൈല്‍ഡ് കാര്‍ഡിലൂടെയും എടുത്തു. 2024 യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ജേതാക്കളായ ഇറ്റലിയുടെ സാറ ഇറാനി-ആന്‍ഡ്രിയ വാവസോറി സഖ്യത്തിന് വൈല്‍ഡ് കാര്‍ഡിലൂടെ എന്‍ട്രി നല്കി. നോക്കൗട്ട് രൂപത്തില്‍, പ്രീ ക്വാര്‍ട്ടര്‍ മുതലാണ് മത്സരം.
നേരിട്ട് എന്‍ട്രി ലഭിച്ച ടീമുകള്‍
(ബ്രാക്കറ്റില്‍ സിംഗിള്‍സ് റാങ്കിംഗ്)
1. ജെസിക്ക പെഗുല (4)- ജാക് ഡ്രെപ്പര്‍ (5)
2. എലിന റെബാകിന (11)- ടെയ്ലര് ഫ്രിറ്റ്സ് (4)
3. ഇഗ ഷ്യാങ്ടെക് (3)- കാസ്പര്‍ റൂഡ് (13)
4. അമാന്‍ഡ അനിസിമോവ (8)- ഹോള്‍ജര്‍ റൂഡ് (9)
5. ബെലിന്‍ഡ ബെന്സിക് (19)- അലക്സാണ്ടര്‍ സ്വരേവ് (3)
6. മിറ ആന്‍ഡ്രീവ (5)- ഡാനില്‍ മെദ്വദേവ് (14)
7. മാഡിസണ്‍ കീസ് (6)- ഫ്രാന്‍സെസ് തിയാഫോ (12)
8. കരോളിന മുചോവ (15)- ആന്ദ്രെ റുബ്ലെവ് (11)
വൈല്‍ഡ് കാര്‍ഡ്
9. ഒള്‍ഗ ഡാനിലോവിച്ച് (32)- നൊവാക് ജോക്കോവിച്ച് (6)
10. കാറ്റി മക്നാലി (116)- ലോറെന്‍സോ മുസെറ്റി (10)
11. നവോമി ഒസാക (25)- ഗെയ്ല് മോണ്‍ഫില്‍സ് (48)
12. കാറ്റെറിന സിനിയാകോവ (73)- യാനിക് സിന്നര്‍ (1)
13. എമ്മ റാഡുകാനു (33)- കാര്‍ലോസ് അല്‍കരാസ് (2)
14. ടെയ്ലര് ടൗണ്‍സെന്‍ഡ് (75)- ബെന്‍ ഷെല്‍ട്ടണ്‍ (6)
15. വീനസ് വില്യംസ് (643)- റെയ്ലി ഒപെല്‍ക (70)
16. സാറ ഇറാനി- ആന്‍ഡ്രിയ വാവസോറി