യൂത്ത് കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ; അതൃപ്തിയിൽ കോഴിക്കോട് ഡിസിസി
Wednesday, August 20, 2025 11:45 AM IST
കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പങ്കെടുക്കാത്തതിൽ കടുത്ത അതൃപ്തിയുമായി കോഴിക്കോട് ഡിസിസി. കോർപ്പറേഷന് എതിരായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരപരിപാടിയുടെ ഉദ്ഘാടകനായിരുന്നു ചാണ്ടി ഉമ്മൻ.
നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നു വിട്ടുനിന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ലെന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം ചോദിക്കും.
പങ്കെടുക്കാതിരുന്നത് ബോധപൂര്‍വമാണെങ്കിൽ തെറ്റാണ്. ഇതിനു പിന്നിൽ ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നത് ടി.സിദ്ധിഖ് എംഎൽഎ ഇടപെട്ട് മുടക്കിയതാണെന്ന് ഒരു വിഭാഗം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോർപ്പറേഷനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ശോഭ കെടുത്തുന്നതാണ് ചാണ്ടി ഉമ്മന്റെ നടപടി. ഇതിനെതിരെ പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.