കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസ്; നടപടികൾ സെപ്റ്റംബർ 15 വരെ തടഞ്ഞ് സുപ്രീം കോടതി
Friday, August 22, 2025 2:50 PM IST
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ദി വയർ വെബ് പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസിൽ നടപടികൾ സെപ്റ്റംബർ 15 വരെ തടഞ്ഞ് സുപ്രീം കോടതി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 പ്രകാരം അസം പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ ആസാം പോലീസ് ഇവർക്ക് സമൻസ് അയച്ചതിനെ തുടർന്നാണ് കോടതി നടപടി.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. അടുത്ത വാദം കേൾക്കുന്നതുവരെ ഇരുവർക്കുമെതിരെ യാതൊരു നിർബന്ധിത നടപടിയും സ്വീകരിക്കരുതെന്ന് കോടതി ആസാം പോലീസിന് നിർദേശം നൽകി. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും ഇരുവരോടും കോടതി ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഴയ രാജ്യദ്രോഹ നിയമമായ സെക്ഷൻ 124 എയുടെ പുതിയ രൂപമാണ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 എന്നും ഇത് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഈ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് ഇരുവർക്കും നേരെ തുടർച്ചയായി കേസെടുക്കുന്നത് മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. കേസ് സെപ്റ്റംബർ 15ന് വീണ്ടും പരിഗണിക്കും.