വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം തട്ടിപ്പ്; പ്രതി അറസ്റ്റിൽ
Wednesday, August 27, 2025 5:20 PM IST
കൊച്ചി: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത പണം കൈപ്പറ്റിയ ശേഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ, പാലക്കാട് മംഗലം ചോലക്കോട് സ്വദേശി കൃഷ്ണദാസ് (36) ആണ് അറസ്റ്റ് ചെയ്തത്. വഞ്ചനാ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
11 ലക്ഷം രൂപയ്ക്ക് വീട് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യ ഗഡു കൈപ്പറ്റിയ ശേഷം തറഭാഗം മാത്രം നിർമ്മിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. എറണാകുളം കണ്ണമാലി സ്വദേശിയെയാണ് പ്രതി മോഹന വാഗ്ദാനം നൽകി കബളിപ്പിച്ചത്.
പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി ഫോർ ഡി എന്ന കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് കൃഷ്ണദാസ്. എറണാകുളം കണ്ണമാലിക്കാരനായ പരാതിക്കാരന്റെ രണ്ടര സെന്റ് സ്ഥലത്ത് വീട് നിർമിച്ച് നൽകാമെന്നാണ് കൃഷ്ണദാസ് വാഗ്ദാനം ചെയ്തത്.
600 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വീട് നിർമ്മിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി കൃഷ്ണദാസ് ആകെ പറഞ്ഞ ചെലവ് 11 ലക്ഷം രൂപ. ഇതിലേക്ക് ആദ്യ ഗഡുവായി 5.40 ലക്ഷം രൂപ നൽകണമെന്നും ബാക്കി തുക പതിനായിരം രൂപ വീതം പലിശയില്ലാതെ മാസ തവണകളായി നൽകിയാൽ മതിയെന്നുമായിരുന്നു വാഗ്ദാനം.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് പരാതിക്കാരനുമായി കൃഷ്ണദാസ് കരാർ ഒപ്പിട്ടു. ആദ്യ ഗഡുവായ 5.40 ലക്ഷം രൂപ പല തവണകളായി ഡി ഫോർ ഡി എന്ന സ്ഥാപനത്തിന്റെ ആലുവ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് പരാതിക്കാരൻ കൈമാറിയിരുന്നു.
പണം കൈപ്പറ്റിയ ശേഷം കൃഷ്ണദാസ് വീടിന്റെ നിർമാണം തുടങ്ങി. പക്ഷെ തറ ഭാഗം നിർമ്മിച്ച ശേഷം പിന്നീട് വീട് പണി മുന്നോട്ട് പോയില്ല. കരാർ ലംഘിച്ച കൃഷ്ണദാസ് കൈപ്പറ്റിയ തുക പരാതിക്കാരന് തിരിച്ചുകൊടുക്കാനും തയ്യാറായില്ല.