മോട്ടിവേഷൻ സ്പീക്കറായ യുട്യൂബർ മോഷണക്കുറ്റത്തിന് പിടിയിൽ
Friday, August 29, 2025 2:16 AM IST
ഭുവനേശ്വർ: മോട്ടിവേഷൻ സ്പീക്കറായ യുട്യൂബർ മോഷണക്കുറ്റത്തിന് പിടിയിൽ. കട്ടക്ക് സ്വദേശിയായ മനോജ് കുമാർ സിംഗാണു (42) പോലീസ് പിടിയിലായത്. ഓഗസ്റ്റ് 14 നായിരുന്നു സംഭവം.
നവദമ്പതികളുടെ വീട്ടിൽ പകൽസമയത്ത് ഇയാൾ കവർച്ച നടത്തുകയായിരുന്നു. ഭരത്പൂർ പോലീസ് സ്റ്റേഷനിൽ ഇവർ നൽകിയ പരാതിയെ തുടർന്നാണു നടപടി. താനും ഭർത്താവും ജോലി സ്ഥലത്തായിരുന്നപ്പോളായിരുന്നു മോഷണം നടന്നതെന്നും അഞ്ചുലക്ഷം രൂപയും സ്വർണാഭരണങ്ങളുമാണ് മോഷണം പോയതെന്ന് പരാതിക്കാരിയായ ശുഭശ്രീ നായക് പറഞ്ഞു.
മനോജ് കുമാർ പതിവായി പകൽ സമയങ്ങളിൽ മോഷണം നടത്തുന്നയാളാണെന്നും വൈകുന്നേരങ്ങളിൽ മോട്ടിവേഷനൽ സ്പീക്കറായി മാറുമെന്നും ഭുവനേശ്വർ കട്ടക്ക് പോലീസ് കമ്മീഷണർ എസ്. ദേവ് ദത്ത സിംഗ് പറഞ്ഞു. ഒരാൾ എങ്ങനെയാണ് മോഷ്ടാവാകുന്നത് എന്നതിനെക്കുറിച്ചു തന്റെ യുട്യൂബ് ചാനലിലൂടെ മനോജ് കുമാർ സംസാരിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.