രഞ്ജി ട്രോഫി പോരാട്ടങ്ങൾ ബുധനാഴ്ച മുതല്‍; കേരളത്തിന്റെ എതിരാളികൾ മഹാരാഷ്ട്ര
Tuesday, October 14, 2025 9:14 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് 2025-26 സീസണിന് ബുധനാഴ്ച തുടക്കം. നിലവിലെ ഫൈനലിസ്റ്റുകളായ കേരളം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ നേരിടും. രാവിലെ 9.30 മുതലാണ് മത്സരം.
2024-25 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിച്ചതിന്റെ ആവേശത്തോടെയാണ് പുതിയ സീസണിനു തുടക്കം കുറിക്കാന്‍ കേരളം ഇറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ് മടങ്ങി എത്തിയതും പുതിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃപാടവവും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ഇത്തവണ കേരളത്തിന്റെ പ്ലസ് പോയിന്റുകള്‍. മത്സരം ജിയോഹോട്ട്സ്റ്റാറില്‍ തത്സമയം.
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്റെ (2024-25) ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളം ഇറങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെയായിരുന്നു 2024-25 സീസണില്‍ കേരളം ഫൈനലില്‍ എത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയതിന്റെ ബലത്തിലായിരുന്നു കേരളത്തെ ഫൈനലില്‍ വിദര്‍ഭ മറികടന്നതെന്നതും ശ്രദ്ധേയം. കര്‍ണാടക, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ കരുത്തുറ്റ ടീമുകള്ക്കൊപ്പമായിരുന്ന കേരളം, രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.