വടക്കൻ പറവൂരിൽ മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
Tuesday, October 14, 2025 7:14 PM IST
കൊച്ചി: പറവൂർ നീണ്ടൂരിൽ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി.
അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ തിങ്കളാഴ്ച കഴിഞ്ഞിരുന്നു. കുട്ടിയുടെ അറ്റുപോയ ചെവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് തുന്നിച്ചേർത്തത്.
ഞായറാഴ്ച വൈകുന്നേരം വീടിനടുത്തുള്ള വീടിനടുത്തുള്ള അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മൂന്നുവയസുകാരി. ഈ സമയത്താണ് കുട്ടിയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ ശല്യത്തിന് സ്ഥിര പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.