റാന്നിയിൽ പിക്കപ്പ് വാൻ ഡ്രൈവറെ തല്ലിയ സംഭവം; പോലീസുകാരനും ഭാര്യയ്ക്കും എതിരെ കേസെടുത്തു
Tuesday, October 14, 2025 7:30 PM IST
പത്തനംതിട്ട: റാന്നിയിൽ പിക്കപ്പ് വാൻ ഡ്രൈവറെ തല്ലിയ സംഭവത്തിൽ പോലീസുകാരനും ഭാര്യയ്ക്കും എതിരെ കേസെടുത്തു. ചിറ്റാർ സ്റ്റേഷനിലെ പോലീസ് ഡ്രൈവർ റാഫി മീര, ഭാര്യ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പത്തനംതിട്ട റാന്നി മന്ദിരം പടിയിൽ ഈ മാസം നാലിനായിരുന്നു സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായി തർക്കത്തിനൊടുവിൽ പോലീസ് ഡ്രൈവർ മർദിച്ചു എന്നായിരുന്നു പരാതി.
എന്നാൽ മർദിച്ചിട്ടില്ലെന്നും വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും റാഫിയുടെ വിശദീകരണം. ഹോട്ടലിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്യുന്നത് തന്റെ വീടിനു മുന്നിലാണ്. സർക്കാർ സ്ഥലം കയ്യേറിയാണ് ഹോട്ടൽ നിർമ്മിച്ചതെന്നുമാണ് റാഫി മീരയുടെ ആരോപണം.
ഐസ്ക്രീം വിൽപനക്കായി വന്ന വാഹനാണ് പാർക്ക് ചെയ്തിരുന്നത്. റാഫിയെയും ഭാര്യയെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.