രണ്ടാം ഏകദിനം: ബംഗ്ലാദേശിനെ സൂപ്പർ ഓവറിൽ വീഴ്ത്തി വെസ്റ്റ് ഇൻഡീസ്
Tuesday, October 21, 2025 9:42 PM IST
ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ആവേശ ജയം. ധാക്കയിൽ നടന്ന മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു വിൻഡീസിന്റെ ജയം.
ബംഗ്ലാദേശിന്റെ 213 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസും 213 റൺസെടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേയ്ക്ക് നീണ്ടത്. സൂപ്പർ ഓവറിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ വിജയലക്ഷ്യമായ 11 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് ഒൻപത് റൺസെടുക്കാനെ സാധിച്ചുള്ളു. ഇതോടെയാണ് വിൻഡീസ് മത്സരം സ്വന്തമാക്കിയത്.
ധാക്കയിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസ് എടുത്തത്. സൗമ്യ സർക്കാരിന്റെയും റിഷാദ് ഹൊസെയ്ന്റെയും നായകൻ മെഹ്ദി ഹസന്റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസെടുത്ത സൗമ്യ സർക്കാരാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറർ.
റിഷാദ് ഹൊസെയ്ൻ 39 റൺസും മെഹ്ദി ഹസൻ 32 റൺസും എടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ഗുഡാകേഷ് മോട്ടി മൂന്ന് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്നും അലിക്ക് അത്താനാസെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസെടുത്തത്. 53 റൺസെടുത്ത നായകൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ. കിയാസി കാർട്ടി 35 റൺസും അലിക്ക് അത്താനസെ 28 റൺസും ജസ്റ്റിൻ ഗ്രീവ്സ് 26 റൺസും എടുത്തു.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. നസും അഹ്മദും തൻവീർ ഇസ്ലാമും രണ്ട് വിക്കറ്റ് വീതവും സെയ്ഫ് ഹസൻ ഒരു വിക്കറ്റും എടുത്തു. ഇന്നത്തെ വിജയത്തോടെ വെസ്റ്റ് പരന്പരയിൽ 1-1 ന് ഒപ്പമെത്തി.