തമിഴ്നാട്ടിൽ കനത്ത മഴ; തുടർന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
Tuesday, October 21, 2025 10:30 PM IST
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (22-10-2025) അവധി പ്രഖ്യാപിച്ചു. ചെന്നൈ, കടലൂർ, ചെങ്കൽപ്പെട്ട്, വിഴുപ്പുറം, കള്ളക്കുറിച്ചി, മയിലാടുതുറൈ, തിരുവാരൂർ തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും ഡെൽറ്റ മേഖലയിലും ശക്തമായ മഴ പെയ്യുമെനാണ് കാലാവസ്ഥ പ്രവചനം. പുതുച്ചേരിയിലും സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. തീവ്രമഴ മുന്നറിയിപ്പുള്ള ജില്ലകളിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഓഫീസർമാരായി അയച്ചെന്നും അദ്ദേഹം അറിയിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.