BULLET മണി റോയൽ!
ജോൺസൺ വേങ്ങത്തടം
Saturday, October 11, 2025 11:03 PM IST
റോയൽ എൻഫീൽഡ് നടത്തിയ സർവേ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബുള്ളറ്റ് ഉപയോഗിക്കുന്നവരുടെ നാട് കൊല്ലമാണ്. രണ്ടാം സ്ഥാനത്ത് പഞ്ചാബ്. കൊല്ലം അയത്തില്‍ റോഡില്‍ വിമലഹൃദയ സ്കൂളിനു സമീപത്തെ രണ്ടു മുറികളുള്ള വർക്ക്ഷോപ്പില്‍ ഒരാൾ ഒരു ബുള്ളറ്റ് സാമ്രാജ്യംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. ബുള്ളറ്റ് മണി എന്ന തങ്കമണിയുടെ ജീവിതകഥ...
""തങ്കമണിക്കു രണ്ടു ഭാഷകൾ മാത്രമേ അറിയൂ. ഒന്ന് മലയാളം. രണ്ട് റോയല്‍ എന്‍ഫീല്‍ഡ്. റോയൽ എൻഫീൽഡിന്റെ ഭാഷ തങ്കമണിക്കു മാത്രമേ മനസിലാകൂ. അതുപോലെ തിരിച്ചും. ഈ രഹസ്യം ആരോടും പറയില്ല.''
സീനിയർ ബിസിനസ് ജേർണലിസ്റ്റായ അമൃത് രാജിന്റെ "ഇന്ത്യൻ ഐക്കൺ- എ കൾട്ട് കോൾഡ് റോയൽ എൻഫീൽഡ്’ എന്ന പുസ്തകത്തിൽ തങ്കമണി എന്ന മെക്കാനിക്കിനെ വിശേഷിപ്പിച്ചിരിക്കുന്നതാണ് മുകളിൽ വായിച്ചത്. നിരത്തുകളിൽ പ്രകന്പനം കൊള്ളിക്കുന്ന ബുള്ളറ്റിന്റെ ശബ്ദം തങ്കമണി എന്ന ബാലന്റെ കാതിലും ഹൃദയത്തിലും ഒരേസമയം ആർത്തിരന്പിയ കഥയാണിത്. ആരാണ് തങ്കമണി എന്ന ചോദ്യം സ്വാഭാവികം. തങ്കമണി എന്നത് അച്ഛനിട്ട പേരാണ്.
കൊല്ലംകാർ വിളിച്ചതും ലോകം ഏറ്റുവിളിക്കുന്നതുമായ പേര് ബുള്ളറ്റ് മണി എന്നാണ്. ശിഷ്യന്മാരുടെ പ്രിയപ്പെട്ട മണിയാശാൻ. നാഡിമിടിപ്പ് നോക്കി രോഗം മനസിലാക്കുന്ന വൈദ്യനെപ്പോലെ ബുള്ളറ്റിന്റെ ഓരോ മിടിപ്പും നോക്കി തകരാറു കണ്ടെത്തുന്ന മണിയെത്തേടി കടലുകടന്നും ആളെത്തുന്നു. മൊബൈൽ ഫോണിൽ വാഹനത്തിന്റെ ശബ്ദം കേൾപ്പിച്ചാൽ പോലും മണി തകരാർ കൃത്യമായി പറഞ്ഞുതരും.
മണി കഥയുടെ ബുള്ളറ്റ് സ്റ്റാർട്ടാക്കുന്നു:
ശ്രീനാരായണഗുരുവിന്റെ ചെന്പഴന്തി കുടുംബാംഗമാണ് പി. തങ്കമണി. തിരുവനന്തപുരത്തായിരുന്നു താമസം. മാതാപിതാക്കൾക്ക് എട്ടു മക്കളായിരുന്നു. എല്ലാവരും ആൺകുട്ടികൾ. പെൺകുട്ടിക്കുവേണ്ടി കാത്തിരുന്ന അച്ഛനുമമ്മയും അഞ്ചാമതു ജനിക്കുന്ന കുട്ടിക്ക് തങ്കമണി എന്ന പേര് കാത്തുവച്ചു. ആൺകുട്ടിയായിട്ടും അച്ഛൻ പേരു മാറ്റിയില്ല. പക്ഷേ, ലോകം അവന്റെ വിളിപ്പേരു മാറ്റിയത് ചരിത്രം. ഈ പട്ടം ചാർത്തപ്പെട്ടത് കൊല്ലത്തു കാലുകുത്തിയതിനു ശേഷമാണെന്നുമാത്രം. അങ്ങനെ കൊല്ലത്തിന്റെ മനസിൽ ബുള്ളറ്റ് മണി എന്ന പേര് മുഴങ്ങിത്തുടങ്ങി.
ബുള്ളറ്റ് മണി
ബുള്ളറ്റ് മണിക്ക് പ്രായം എഴുപത്. ബുള്ളറ്റിനോടുള്ള പ്രണയം ഈ മനസിൽ നിറഞ്ഞുനിൽക്കുകയാണ്. മണിയൊന്നു നോക്കിയാൽ ബുള്ളറ്റിന്റെ രോഗം മാറും. ചിലരുടെ വിശേഷമായ കൈപ്പുണ്യത്തെക്കുറിച്ചു പറയാറുണ്ടല്ലോ. അതുപോലെയൊരു കൈപ്പുണ്യം നോട്ടത്തിൽ പോലുമുള്ള മെക്കാനിക്കാണ് മണി.
1955ൽ തിരുവനന്തപുരത്ത് തങ്കമണി ജനിച്ചകാലത്ത് ഇന്ത്യയിൽ ബുള്ളറ്റുകൾ നിർമിക്കാൻ ഇംഗ്ലണ്ടിലെ റോയൽ എൻഫീൽഡ് കമ്പനി ചെന്നൈയിലുള്ള മദ്രാസ് മോട്ടോഴ്സുമായി കരാറിലേർപ്പെട്ടതു യാദൃച്ഛികമാകാം. സ്കൂളില്‍ പഠിക്കുമ്പോൾ ബുള്ളറ്റിനോട് തോന്നിയ ആരാധനയാണ് തങ്കമണിയെ മെക്കാനിക്കാക്കിയത്. ബുള്ളറ്റുകളുമായി 60 വർഷത്തെ ബന്ധം. ഒന്നു നോക്കിയാൽമതി ബുള്ളറ്റിന്റെ മനസും കുറവും ആശാൻ പറയുമെന്നു ശിഷ്യൻമാർ അഭിമാനത്തോടെ പറയുന്നു.
ബുള്ളറ്റ് മണിയുടെ വിശേഷണങ്ങളിൽ ചിലത്: എണ്ണൂറോളം ശിഷ്യന്മാരുടെ ആശാൻ, പുതുജീവന്‍ നൽകിയത് മൂന്നുലക്ഷത്തോളം ബുള്ളറ്റുകൾക്ക്, സൈനികക്യാന്പിൽവരെ കയറിച്ചെല്ലാൻ അനുമതി, റോയൽ എൻഫീൽഡ് കന്പനി നേരിട്ടു പരിശീലനം നൽകിയ വ്യക്തി, കൊല്ലം ജില്ലയിൽ മാത്രം 500 കസ്റ്റമേഴ്സ്്, റോയൽ എൻഫീൽഡ് ഫാൻസ് ക്ലബ്ബിൽ അംഗം, റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ പുസ്തകത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് ബുള്ളറ്റ് മെക്കാനിക്കുകളിൽ രണ്ടാംസ്ഥാനം നേടിയ മേസ്തിരി, 1985 മുതൽ ബുള്ളറ്റ് യാത്ര നടത്തുന്ന മുപ്പതംഗ സംഘത്തിലെ പ്രധാനി, 1,600 അംഗങ്ങളുള്ള ബുള്ളറ്റ് യൂസേഴ്സ് ക്ലബ്ബിന്റെ സെക്രട്ടറി, സംഗീതത്തെ ഇഷ്ടപ്പെടുന്ന, യാത്രയെ സ്നേഹിക്കുന്ന, സൗഹൃദത്തിനു വിലകല്പിക്കുന്ന പച്ചയായ മനുഷ്യൻ... ഇതെല്ലാമാണ് ബുള്ളറ്റ് മണി എന്ന മണിയാ ശാൻ.
ഗുരു ഗോപാലൻ മേസ്തിരി
കളിപ്പാട്ടങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് ചെറുപ്രായത്തിലേ മകനിൽ കണ്ടെത്തിയത് അച്ഛൻ പൊന്നൻ പണിക്കർതന്നെയാണ്. അച്ഛന് തിരുവനന്തപുരത്തൊരു ചായക്കടയുണ്ടായിരുന്നു. പേര് എവറസ്റ്റ്. ചായക്കടയിൽ എത്തുന്നവരെല്ലാം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ മണിക്കു വണ്ടിപ്രേമം തലയ്ക്കുപിടിച്ചു. പത്തുവയസുള്ളപ്പോഴാണ് മെക്കാനിക് ആകണമെന്ന് അച്ഛനോടു പറഞ്ഞത്. അങ്ങനെ കിഴക്കേകോട്ട കെഎസ്ആർടിസിക്കു സമീപമുള്ള വർക്ക്ഷോപ്പിൽ ഗോപാലൻ മേസ്തിരിയുടെ സഹായിയായി മണി. ഗോപാലൻ മേസ്തിരിയും ഭാര്യാസഹോദരൻ പരമേശ്വരനും സഹായിച്ചതോടെ കൊച്ചു തങ്കമണി പണി പഠിച്ചുതുടങ്ങി.
ഇതിനിടയിൽ മൂത്തസഹോദരങ്ങൾക്ക് തങ്കമണി മേസ്തിരിയാണെന്നു പറയുന്നത് നാണക്കേടായി. അവനെ മേസ്തിരിയെന്നു വിളിക്കരുതെന്നു കൂട്ടുകാരെ വിലക്കി. ഈ പണി നിർത്താൻ സഹോദരങ്ങളുടെ കല്പനയും ഭീഷണിയും. ബുള്ളറ്റിനെ പ്രേമിച്ചവൻ അതിൽനിന്നു മാറിയില്ല. സഹോദരൻമാർചേർന്ന് ഒരർധരാത്രി വീട്ടിൽനിന്ന് ഇറക്കിവിട്ടു. എവിടെ പോകുമെന്നറിയാതെ വിഷമിച്ച തങ്കമണിക്ക് അഭയമായത് ഗോപാലൻ മേസ്തിരിതന്നെ. 1976വരെ ഗോപാലൻമേസ്തിരിയുടെ കൂടെനിന്നു. ഇതിനിടയിൽ ഐടിഐയിൽ പഠിച്ചതും മെക്കാനിക് കോഴ്സ്. ഗോപാലൻ മേസ്തിരി കൈയിൽവച്ചു നൽകിയ ബുള്ളറ്റ് ജീവിതമാണ് തന്റേതെന്ന് മണി പറയും.
76ൽ കൊല്ലം മരയ്ക്കാർ മോട്ടോഴ്സിൽ മെക്കാനിക്കായി ജോലിയിൽ പ്രവേശിച്ചതോടെ തങ്കമണിയുടെ തലവര മാറി. മണിയ.ുടെ മികവും ആത്മാർഥതയും തിരിച്ചറിഞ്ഞ മരയ്ക്കാർ മോട്ടോഴ്സ് തന്നെ 77ൽ റോയൽ എൻഫീൽഡ് കന്പനിയിൽ ട്രെയിനിംഗിന് അയച്ചു. മരയ്ക്കാറിന്റെ 11 ബ്രാഞ്ചുകളിൽനിന്നു വന്നവരിൽ റോയൽ എൻഫീൽഡ് സ്പെഷൽ ട്രെയിനിംഗിനായി തെരഞ്ഞെടുത്തത് തങ്കമണിയെ മാത്രം.
1996വരെ മരയ്ക്കാറിൽ സർവീസ് പോയിന്റ് നടത്തി. തുടർന്നാണ് സ്വന്തമായി വാടകയ്ക്കൊരു മുറിയെടുത്ത് കൊല്ലത്ത് വർക്ക്ഷോപ്പ് ആരംഭിച്ചത്.
എൻഫീൽഡ് ഇന്ത്യ ഓട്ടോ ഗാരേജ്
എൻഫീൽഡ് ഇന്ത്യ ഓട്ടോ ഗാരേജ് എന്ന വർക്ക്ഷോപ്പിൽ നിന്നാണ് ബുള്ളറ്റ് മണി എന്ന പേരു കിട്ടിയത്. വാടകകെട്ടിടത്തിലൊരു വർക്ക്ഷോപ്പ്. ഇന്നും അതിനു മാറ്റമില്ല, വാടകയ്ക്കുതന്നെ. ഇവിടെനിന്നാണ് ബുള്ളറ്റ് യൂസേഴ്സ് ക്ലബ് ആരംഭിച്ചത്.. അഞ്ഞൂറോളം കസ്റ്റമേഴ്സ് പ്രിയപ്പെട്ട കൂട്ടുകാരായി മാറിയത്... ദിവസേന 15 മുതൽ 20 വരെ ബുള്ളറ്റുകൾ ഈ വർക്ക്ഷോപ്പിൽ എത്തുന്നുവെന്ന് സർവേയിലൂടെ കണ്ടെത്തിയത് റോയൽ എൻഫീൽഡ് കന്പനിയാണ്.
വാഹനനിർമാതാക്കളെപ്പോലും അമ്പരപ്പിക്കുന്ന മോഡിഫിക്കേഷൻ വർക്കുകളാണ് ബുള്ളറ്റ് മണിയുടെ ട്രേഡ് മാർക്ക്. അതിൽ പലതും രഹസ്യവുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ദിവസവും സംശയങ്ങളുമായി നിരവധിപേർ വിളിക്കും. ഇതരസംസ്ഥാനങ്ങളിൽനിന്ന് മണി ഒന്നു നോക്കാൻ മാത്രമായി ബുള്ളറ്റുകൾ എത്തുന്നു.
ദിവസവും പത്തും പതിനൊന്നും മണിക്കൂറുകൾ പണിശാലയിൽ ചെലവഴിക്കാൻ മടിയില്ല. മണി ആശാൻ ഒന്നുകണ്ട് കൈവച്ചാല്‍ പിന്നെ ഒരു പേടിയും വേണ്ടെന്ന് ഇവിടെ പാട്ടാണ്.
ദീർഘദൂര റൈഡുകൾ പോകുന്നവർക്കായി 24 മണിക്കൂറും ഫോണിലൂടെ സേവനമുണ്ടാകും. സ്വന്തം ശരീരംനോക്കുന്ന ശ്രദ്ധയോടെ വാഹനത്തെയും നോക്കണമെന്നതാണ് മണിയുടെ ഉപദേശം. കോവിഡ് കാലത്തും പ്രളയകാലത്തും ബുള്ളറ്റ് മണിയും ബുള്ളറ്റ് യൂസേഴ്സ് ക്ലബ്ബും നടത്തിയ ജീവകാരുണ്യപ്രവർത്തനം ഈ നാട് അറിഞ്ഞതാണ്. 1,600 അംഗങ്ങൾ സഹായഹസ്തവുമായി മുന്നിട്ടിറങ്ങി. ഇതിൽ 30 പേർ വനിതകളാണ്.
മണിയുടെ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് സിനിമയിലും അഭിനയിച്ചു- അതും മമ്മൂട്ടിക്കൊപ്പം! മാസ്റ്റർപീസ് എന്ന സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ചത് മണിയുടെ ബുള്ളറ്റാണ്.
അധ്യാപകൻ
കോളജിൽ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസമൊന്നും മണി ആശാനില്ല. ആശാന്റെ ഉയർന്ന വിദ്യാഭ്യാസയോഗ്യത ഐടിഐയാണ്. എങ്കിലും റോയൽ എൻഫീൽഡ് കന്പനിയുടെ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള മെക്കാനിക്കുകൾക്കു ക്ലാസുകളും പരിശീലനവും മണി നൽകുന്നുണ്ട്. 150 പേരുള്ള മെക്കാനിക്കുകളുടെ കൂട്ടായ്മയായ എംഎംടി (മോട്ടോർ മെക്കാനിക്കൽ ടെക്നീഷ്യൻ) അംഗങ്ങൾക്കുവേണ്ടിയും മണി ക്ലാസുകളെടുക്കുന്നു.
വേണ്ട, വിദേശജോലി
എന്താണ് അറുപതു വർഷത്തെ സന്പാദ്യമെന്നു ചോദിച്ചാൽ മണി ഒന്നു ചിരിക്കും. എന്റെ സന്പാദ്യം സൗഹൃദമാണെന്നു പുഞ്ചിരിച്ചുകൊണ്ടു പറയും. ബുള്ളറ്റ് മണി എന്ന പേരു ലഭിച്ചത്, റോയൽ എൻഫീൽഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർഥ ലാലുമായുള്ള സൗഹൃദം, കൂടാതെ ആയിരക്കണക്കിനു സുഹൃത്തുക്കൾ... ഇവയെല്ലാമാണ് തനിക്കു സ്വന്തമെന്നു നിഷ്കളങ്കനായി പറയുന്ന മനുഷ്യൻ. ബാല്യകാലസുഹൃത്തുക്കളായ ഗായകൻ കെ.ജി. മാർക്കോസും നടൻ ഇന്ദ്രൻസും ഇപ്പോഴും കൂട്ടുകാരാണ്്. ഒന്നു പരിചയപ്പെട്ടാൽ ഈ മനുഷ്യൻ തനിയെ ഹൃദയത്തിൽ കയറിക്കൂടും.
അമേരിക്കയിലെ ഇന്ത്യൻ മോട്ടോർസൈക്കിൾ കന്പനിയും ഹാർലി ഡേവിഡ്സൺ എന്ന പ്രശസ്തമായ അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമാണ കന്പനിയും മണിയെ ജോലിവാഗ്ദാനവുമായി സമീപിച്ചതാണ്. പക്ഷേ, പോയില്ല.
""ആകെ അറിയാവുന്ന ഇംഗ്ലീഷ് വാക്ക് നോ എന്നതാണ്. അതു ഞാൻ അവരോടു പറഞ്ഞു''- പുഞ്ചിരിച്ചുകൊണ്ട് മണി പറയുന്നു.
കുടുംബം
കൊല്ലം പട്ടത്താനം അമ്മന്തട ഒറിയന്റ് നഗർ 74ലെ മണിനാദത്തിലാണ് മണിയും ഭാര്യ സൂസിയും താമസിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന മകൻ കലേഷ് 13 വർഷംമുന്പ് ഒരപകടത്തിൽ മരിച്ചു. കവിത, സുമ എന്നീ പെൺമക്കൾ വിവാഹിതരാണ്. കൊല്ലത്ത് എസ്ബിഐയിൽ ജോലിചെയ്യുന്ന സുമ ബുള്ളറ്റ് മെക്കാനിക്കുമാണ്. തന്റെ കഴിവ് മകൾക്കുണ്ടെന്ന് മണി അഭിമാനത്തോടെ പറയുന്നു.
പണമില്ലാത്തതിന്റെ പേരിൽ ആരുടെയും വാഹനം നന്നാക്കാതിരിക്കരുത്. ഒരു സഞ്ചി വയ്ക്കുക, ഇഷ്ടമുള്ള തുക അവർ ഇട്ടിട്ടുപോകട്ടെ. ഈ പണമെടുത്ത് പറ്റുന്പോഴൊക്കെ പാവങ്ങളെ സഹായിക്കണം- അച്ഛൻ മകൾക്കു നൽകുന്ന ഉപദേശം.
RIDING VIBES!
നാടും നഗരവും കുന്നുകളും കാടുകളും കടന്നുള്ള യാത്ര... ബുള്ളറ്റിൽ യാത്രപോകാൻ ആഗ്രഹിക്കാത്ത ഇരുചക്രവാഹനപ്രേമികൾ കുറവാകും. ദുർഘടപാതകൾ താണ്ടി മുന്നേറുന്നത് അവർക്ക് എന്നും ആഹ്ലാദമാണ്. 1985ൽ കൊല്ലത്തുനിന്ന് ആദ്യം ആരംഭിച്ചതു ഡെഹ്റാഡൂൺ യാത്രയാണ്. മൂന്നു വനിതകൾ അടക്കമുള്ള മുപ്പതംഗ സംഘം. പിന്നീട് ഈ സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വണ്ടിയോടിച്ചു. മണിയാണ് യാത്രകളുടെ ക്യാപ്റ്റൻ. ഓരോ യാത്രയിലും അതതു സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മരങ്ങൾ നടും.
നേപ്പാൾ താണ്ടി ഹിമാലയത്തിലേക്കുള്ള അടുത്ത യാത്ര പ്ലാൻ ചെയ്തുകഴിഞ്ഞു. അതിനുമുന്‍പ് അടുത്ത മാസം റോയൽ എൻഫീൽഡ് കന്പനി ഗോവയിൽ ഒരുക്കുന്ന റോയൽ എൻഫീൽഡ് മാനിയാ റൈഡേഴ്സ് കൂട്ടായ്മയിൽ വിശിഷ്ടാതിഥിയായി ബുള്ളറ്റ് മണി പങ്കെടുക്കും.