തടവറവാതിൽ തുറന്നുകിടക്കുന്പോൾ
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, July 5, 2025 8:50 PM IST
അപ്പോൾ അദ്ദേഹം ഒരു സ്വരം കേട്ടു. ശാന്തമായ ഒരു സ്വരം: "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല!'
ഒരു വലിയ ഷിപ്പിംഗ് കന്പനിയുടെ ഉടമ. ഒരു ദിവസം യാത്രയ്ക്കിടയിൽ കാനഡയിലെ ഒരു ഹോട്ടലിൽ അദ്ദേഹം താമസിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം വിഷാദരോഗത്തിന് അടിമയായി. ബെഡിൽനിന്ന് എഴുന്നേറ്റ് താഴത്തെ നിലയിലുള്ള ഭക്ഷണശാലയിൽ പോയി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ.
ജീവിതകാലം മുഴുവൻ അധ്വാനിച്ചാണ് അദ്ദേഹം വളർന്നത്. എന്നാൽ, എപ്പോഴും എല്ലാത്തിനെയുംകുറിച്ചും ആകുല ചിന്തയുള്ള ആളായിരുന്നു. ജീവിതത്തിലെ വലിയ പ്രശ്നങ്ങൾ മാത്രമല്ല, ചെറിയ കാര്യങ്ങൾപോലും അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. അവയിൽ ആരോഗ്യപ്രശ്നങ്ങളും കന്പനിക്കാര്യങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ ഉണ്ടായിരുന്നു.
പുറമേനിന്നു നോക്കുന്പോൾ സമർഥനായ ഒരു കന്പനി ഉടമയായിരുന്നു അദ്ദേഹം. എന്നാൽ, അകമേ തീ തിന്നു ജീവിച്ചു. കാനഡയിലെ ആ ഹോട്ടൽമുറിയിൽ താമസിക്കുന്പോൾ, അദ്ദേഹത്തിനു കൈകാര്യം ചെയ്യാവുന്നതിലും അധികമായിരുന്നു ഉള്ളിലെ എരിച്ചിൽ.
ഇങ്ങനെ തന്നെയല്ല?
അതുകൊണ്ട് അദ്ദേഹം ആരോടെന്നില്ലാതെ ഉറക്കെപ്പറഞ്ഞു: "ഈ ജീവിതം ജീവിതയോഗ്യമല്ല.
ഞാൻ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!' താൻ പറഞ്ഞ ഈ വാക്കുകളെക്കുറിച്ച് ദൈവം എങ്ങനെയായിരിക്കും കരുതുക എന്ന ചിന്ത പെട്ടെന്ന് അദ്ദേഹത്തിന്റെ മനസിൽ വന്നു. എങ്കിലും അടുത്ത നിമിഷം അദ്ദേഹം വീണ്ടും ഉറക്കെപ്പറഞ്ഞു: "ദൈവമേ, ജീവിതം ഒരു തമാശയാണ്, അല്ലേ? ക്രൂരമായ ഒരു തമാശ!'ഇതു പറഞ്ഞപ്പോഴാണ്, എത്രയോ കാലംകൂടിയാണ് താൻ ദൈവത്തോടു സംസാരിച്ചതെന്ന് അദ്ദേഹം ഓർമിച്ചത്. അടുത്ത നിമിഷം അദ്ദേഹം ദൈവത്തോടു പ്രാർഥിക്കാൻ തുടങ്ങി.
ആ പ്രാർഥനയിൽ, തന്റെ ജീവിതം എങ്ങനെ അലങ്കോലമായിത്തീർന്നു എന്നത് ഉൾപ്പെടെ പല കാര്യങ്ങളും ഏറ്റുപറഞ്ഞു. അപ്പോൾ അദ്ദേഹം ഒരു സ്വരം കേട്ടു. ശാന്തമായ ഒരു സ്വരം: "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല!'ദൈവമാണ് തന്നോടു സംസാരിച്ചതെന്ന് അപ്പോൾ അദ്ദേഹത്തിനു തോന്നി. പിന്നീടു ഭാര്യയോടും സഹോദരനോടുമൊക്കെ ഈ സംഭവം അദ്ദേഹം വിവരിച്ചു.
അപ്പോൾ അവരും പറഞ്ഞു, ആ സ്വരം ദൈവത്തിന്റേതായിരുന്നുവെന്ന്. അങ്ങനെയാണ്, ദൈവവുമായുള്ള ബന്ധം പുതുക്കി അദ്ദേഹം ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്താൻ തുടങ്ങിയതും അതുവഴിയായി ജീവിതം ജീവിതയോഗ്യമാക്കിയതും. "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല' എന്ന തലക്കെട്ടിൽ ജയിംസ് മൂർ എന്നയാൾ തയാറാക്കിയ പ്രസംഗത്തിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്.
ഭാരങ്ങൾ മാറുന്ന വിധം
ജീവിതത്തിൽ വിവിധതരം ഭാരങ്ങൾ വഹിച്ചു മുന്നോട്ടു പോകുന്നവരാണ് നമ്മളിലേറെപ്പേരും. ചിലർക്കു സാന്പത്തിക ഭാരം, മറ്റു ചിലർക്ക് അവരുടെ ആരോഗ്യ പ്രശ്നങ്ങൾ, വേറെ ചിലർക്ക് ഏതെങ്കിലും കാരണത്താൽ മറ്റുള്ളവരോടുള്ള പകയോ വിദ്വേഷമോ അസൂയയോ, മറ്റു ചിലർക്കു കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലുമൊക്കെയുള്ള പാളിച്ചകൾ.
ഇങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ പലരും പറഞ്ഞേക്കാം, ഇതാണു ജീവിതം, ഇതിൽനിന്നു കര കയറുക അസാധ്യം എന്ന്. എന്നാൽ, യാഥാർഥ്യം അങ്ങനെയല്ലെന്നു നാം തിരിച്ചറിയണം. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫിമിസ്റ്റിക്കും കവിയുമായ റൂമി ഒരിക്കൽ ചോദിച്ചു: "വാതിലുകൾ തുറന്നുകിടക്കുന്പോൾ നിങ്ങൾ എന്തിനു ജയിലിൽ കഴിയണം?'
അതായത്, നമ്മുടെ ജീവിതം ഇപ്പോൾ ആയിരിക്കുന്നതുപോലെ ആയിരിക്കേണ്ട കാര്യമില്ല എന്നു സാരം. മനസുവച്ചാൽ, കഴിയുന്ന തടവറയിൽനിന്നു പുറത്തുകടന്നു സ്വാതന്ത്ര്യം പ്രാപിക്കാൻ നമുക്കു സാധിക്കുമെന്നതാണു വാസ്തവം. എന്നാൽ, നമ്മെ പലരെയും സംബന്ധിച്ചുള്ള പ്രശ്നം തടവറയിൽനിന്നു പുറത്തുകടക്കാൻ നമുക്കു താത്പര്യമില്ല എന്നതാണ്.വലിയ ഭാരം വഹിക്കുന്പോഴും അവ ദൈവസന്നിധിയിൽ ഇറക്കിവയ്ക്കാൻ നാം മടിക്കുന്നു.
ദൈവപുത്രനും മനുഷ്യരക്ഷകനുമായ യേശു പറഞ്ഞു: "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരൂ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം' (മത്താ 11:28). നമ്മൾ ദൈവത്തിലേക്കു തിരിയുന്പോൾ സാന്നിധ്യംകൊണ്ടും ശക്തികൊണ്ടും നമ്മെ ആശ്വസിപ്പിക്കുന്നവനാണ് ദൈവം.
തന്മൂലമാണ്, ദൈവവചനം പറയുന്നത്, "ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും. അവർ കഴുകനെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല' (ഏശ 40:31).ജീവിതത്തിൽ പലപ്പോഴും ഓടിത്തളർന്നവനായിരുന്നു സങ്കീർത്തകനായ ദാവീദ്. എങ്കിലും, അദ്ദേഹം ഒരിക്കലും ദൈവത്തെ മറന്നില്ല.
എന്നു മാത്രമല്ല, ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതാൻ കഴിഞ്ഞത്, "കർത്താവാണ് എന്റെ ഇടയൻ. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുൽത്തകിടികളിൽ അവിടുന്ന് എന്നെ മേയിക്കുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന് എനിക്ക് ഉന്മേഷം നൽകുന്നു' (സങ്കീ 23:12).
നമ്മെ കൈപിടിച്ചു നടത്താനും ഉന്മേഷം നൽകാനും എപ്പോഴും കാത്തിരിക്കുകയാണു ദൈവം. അപ്പോൾപിന്നെ നാം തീർക്കുന്ന തടവറയിൽ നിരാശരായി എന്തിനു കഴിയണം? റൂമി ഓർമിപ്പിച്ചതുപോലെ, തടവറ വാതിൽ തുറന്നുകിടക്കുകയാണ്. തുറന്നുകിടക്കുന്ന ആ വാതിലിലൂടെ പുറത്തുകടന്നു പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുളള ശക്തി ദൈവം നമുക്കു തരികതന്നെ ചെയ്യും.
പക്ഷേ, അതിനായി ദൈവത്തെ ആശ്രയിക്കണമെന്നു മാത്രം. നമ്മുടെ ജീവിതം പോകുന്നതു ശരിയായ വഴിയിലൂടെ അല്ലെങ്കിൽ അത് അങ്ങനെതന്നെ ആയിരിക്കേണ്ടതല്ല എന്നതു മറന്നുപോകരുത്.