ഡൈസനിൽ കരടിയുടെ ആക്രമണത്തിൽ നിന്ന് 82-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Saturday, October 11, 2025 2:15 PM IST
ജപ്പാനിലെ ഡൈസനിൽ രാവിലെ നടക്കാനിറങ്ങിയ 82 വയസുള്ള വയോധികയെ കരടി ആക്രമിച്ചു. മരങ്ങൾ നിറഞ്ഞ പ്രദേശത്തിന് സമീപത്തെ പ്രാദേശിക റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയെ കരടി അപ്രതീക്ഷിതമായി പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു.
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഭീകരമായ ഈ ആക്രമണത്തിൽ കരടി വയോധികയുടെ മുഖത്ത് ആഴത്തിൽ മുറിവുകളേൽപ്പിച്ചു. എന്നാൽ, പ്രായത്തിന്റെ പരിമിതികളെ മറികടന്ന്, അവർ കരടിയെ ദൂരേക്ക് തള്ളിയിട്ട് പ്രതിരോധിച്ചു. ഒടുവിൽ കരടി കാട്ടിലേക്ക് ഒടി മറഞ്ഞു.
ഈ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഒരു യാത്രക്കാരൻ സഹായവുമായി എത്തുകയും, പരുക്കേറ്റ വയോധികയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും മുഖത്തെ മുറിവുകൾക്ക് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു.
നിലവിൽ വയോധികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, പരുക്കുകൾ ജീവന് ഭീഷണിയുള്ളവയല്ലെന്നും അധികൃതർ അറിയിച്ചു. ഈ സംഭവം ജപ്പാനിൽ വർദ്ധിച്ചുവരുന്ന വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ആളിക്കത്തിച്ചിരിക്കുകയാണ്.
വനമേഖലകൾ കുറയുന്നതും, കരടികളുടെ ഭക്ഷണമായ അക്കോൺ, കായ്കനികൾ തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞതും മൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതാണ് ഇത്തരം ആക്രമണങ്ങൾ കൂടുന്നതിനുള്ള പ്രധാന കാരണം.
വയോധികയുടെ അസാമാന്യമായ മനഃസാന്നിധ്യവും, സഹായവുമായി ഓടിയെത്തിയ യാത്രക്കാരന്റെ പ്രതികരണവുമാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്. കരടി ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഈ വയോധിക ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.