ജീവനോ ഉപജീവനമോ? ചാർമിനാറിലെ വഴിയോരക്കച്ചവടക്കാരുടെ എൽപിജി ഉപയോഗം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു
Sunday, October 12, 2025 3:01 PM IST
ഹൈദരാബാദിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ചാർമിനാറിന് സമീപത്തുനിന്നുമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇവിടെ പ്രവർത്തിക്കുന്ന വഴിയോര ഭക്ഷണശാലകളിൽ എൽപിജി സിലിണ്ടറുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പരസ്യമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ക്ലിപ്പിലുള്ളത്.
ഭക്ഷണപ്രിയരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന തിരക്കേറിയ ഈ മേഖലയിൽ ഇത്തരമൊരു പ്രവണത, ഉപഭോക്താക്കളുടെ ജീവന് വൻ ഭീഷണിയാകുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ആളുകൾ ഉന്നയിക്കുന്നത്.
ഈ അപകടകരമായ രീതിയിലുള്ള കച്ചവടക്കാരെ പലരും "സഞ്ചരിക്കുന്ന ടൈം ബോംബ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഏത് നിമിഷവും വലിയ ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഇത്രയും തിരക്കേറിയ ഒരിടത്ത് ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരെ പ്രതിരോധിച്ചുകൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
ഈ വിഷയത്തിൽ വലിയ വാദപ്രതിവാദങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. ഒരു വഴിയാത്രക്കാരൻ ചിത്രീകരിച്ച 20 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, ചാർമിനാറിലേക്കുള്ള പ്രധാന പാതയോരത്ത് പുഴുങ്ങിയ ചോളം വിൽക്കുന്ന ഒരു കച്ചവടക്കാരനെയാണ് പ്രധാനമായും കാണിക്കുന്നത്.
വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ, കച്ചവടക്കാരൻ മുഖം മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഉന്തുവണ്ടിയുടെ താഴെ ഒളിപ്പിച്ചുവെച്ച എൽപിജി സിലിണ്ടർ വ്യക്തമായി പുറത്തുവരുന്നു.
"സഞ്ചരിക്കുന്ന ടൈം ബോംബ്! ചാർമിനാറിന് ചുറ്റുമുള്ള ഉന്തുവണ്ടികളിലെ ഗ്യാസ് സ്റ്റൗവുകൾ നിമിഷങ്ങൾക്കുള്ളിൽ മാരകമായേക്കാം. ഒരു ദുരന്തത്തിനായി കാത്തിരിക്കുന്നത് എന്തിനാണ്?' എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്.
കൂടാതെ, ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്താൻ നിർദ്ദേശിക്കണമെന്ന് വീഡിയോയിൽ ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ഈ സുരക്ഷാ പ്രശ്നത്തെ ചെറുതാക്കിക്കാണിച്ചുകൊണ്ട് പ്രതികരിച്ച ഒരാൾ റെയിൽവേ പാൻട്രി കാറുകളിലെ സുരക്ഷിതത്വം ഉദാഹരിച്ചു.
"ചെറിയ അഞ്ച് കിലോ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതോ സുരക്ഷിതമല്ലാത്തതോ ആണെങ്കിൽ ഡസൻ കണക്കിന് സിലിണ്ടറുകളുമായി റെയിൽവേ പാൻട്രി കാറുകൾ എങ്ങനെ സുരക്ഷിതമായി ഓരോ ദിവസവും ഓടുന്നു?' എന്നും അദ്ദേഹം ചോദിച്ചു.
ഇത് തെലങ്കാന സംസ്ഥാനത്ത് വ്യാപകമായ ഒരു പ്രശ്നമാണെന്നും. ഗാർഹിക ആവശ്യങ്ങൾക്കായി സബ്സിഡി നിരക്കിൽ നൽകുന്ന സിലിണ്ടറുകൾ പോലും ഇത്തരം ഹോട്ടലുകളിലും ചെറിയ തട്ടുകടകളിലും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും ആളുകൾ ചൂണ്ടിക്കാട്ടി.
സുരക്ഷാ പ്രശ്നങ്ങൾക്ക് പുറമെ, സബ്സിഡി ദുരുപയോഗം ചെയ്യുന്നതും ഈ ദൃശ്യങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം കച്ചവടങ്ങൾ അധികാരികൾ കർശനമായി നിരീക്ഷിച്ച് നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വീഡിയോ അടിവരയിടുന്നത്.