ബഹിരാകാശത്തു നിന്നും എവറസ്റ്റ് കൊടുമുടി; ഡോൺ പെറ്റിറ്റിന്റെ മാന്ത്രിക ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം
Monday, October 13, 2025 1:03 PM IST
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ, വിസ്മയ കാഴ്ച പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി. വെറ്ററൻ ബഹിരാകാശ സഞ്ചാരിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഡോൺ പെറ്റിറ്റ് തന്റെ ആറുമാസത്തെ ശാസ്ത്ര ദൗത്യത്തിനിടെ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുന്നത്.
ഹിമാലയൻ പർവ്വതനിരയുടെയും, ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് (8,848.86 മീറ്റർ) ഉൾപ്പെടുന്ന നേപ്പാളിലെ മലനിരകളുടെയും മനോഹരമായ ചിത്രമാണിത്. "ഹിമാലയൻ പർവ്വതനിരകൾക്ക് മുകളിലൂടെ ഭ്രമണം ചെയ്യുമ്പോൾ. എവറസ്റ്റ് പർവ്വതവും, നേപ്പാളിന്റെ ഭൂരിഭാഗവും കാണാം.' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
മണിക്കൂറുകൾക്കകം, അതിമനോഹരമായ ഈ ചിത്രം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി. മഞ്ഞുമൂടിയ കൊടുമുടികളുടെ ഭീമാകാരമായ രൂപവും, താഴെ നേപ്പാളിന്റെ ഭൂപ്രകൃതിയും ചിത്രത്തിൽ വ്യക്തമായി കാണാം.
പ്രകൃതി സ്നേഹികളും ശാസ്ത്രജ്ഞരും ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. അതിശയകരമായ കാഴ്ചയാണിതെന്നും തീരത്ത് തിരമാലകൾ ആഞ്ഞടിക്കുന്നതുപോലെ ഉണ്ടെന്നും ഈ കാഴ്ച ഞങ്ങളിലേക്കെത്തിച്ചതിന് നന്ദിയുണ്ടെന്നും തുടങ്ങിയ ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്.
ഈ ബഹിരാകാശ ചിത്രത്തിന് പിന്നാലെ, അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച മറ്റൊരു അപൂർവ്വ കാഴ്ചയും ചർച്ചയായി. തെളിഞ്ഞ അന്തരീക്ഷം കാരണം, ഇന്ത്യയിലെ ബിഹാറിലെ ജയ്നഗർ പോലുള്ള സ്ഥലങ്ങളിൽ നിന്ന് എവറസ്റ്റ് കൊടുമുടി ദൃശ്യമായതിന്റെ വീഡിയോകളും ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു.
ബഹിരാകാശത്തുനിന്നുള്ള ഡോൺ പെറ്റിറ്റിന്റെ ദൃശ്യമായാലും, വിദൂര സമതലങ്ങളിൽ നിന്നുള്ള അപൂർവ്വ കാഴ്ചയായാലും, സാഹസികതയുടെയും പ്രകൃതി മനോഹാരിതയുടെയും പ്രതീകമായ എവറസ്റ്റ് പർവ്വതത്തോടുള്ള മനുഷ്യന്റെ ഭ്രമം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഈ സംഭവങ്ങൾ അടിവരയിടുന്നു.