22.92 കിലോ കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Monday, October 13, 2025 5:10 PM IST
ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തിയതിന് ആറ് യുവാക്കളെ പിടികൂടി. ഒഡീഷയിലെ ടൈറ്റ്ലാഗഡ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിരുന്നു നടപടി.
യുവാക്കൾ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച 2.22 ലക്ഷം രൂപ വിലവരുന്ന, ഏകദേശം 22.92 കിലോഗ്രാം കഞ്ചാവാണ് ആർപിഎഫ് പിടിച്ചെടുത്തത്. പിടിയിലായ പ്രതികൾ മധ്യപ്രദേശ് സ്വദേശികളാണെന്നാണ് സൂചന.
നൂതന രീതിയിൽ എങ്ങനെ കടത്തിയെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ പ്രതികൾ ഓരോരുത്തരായി ഷർട്ടുകൾ അഴിച്ചുമാറ്റി, കഞ്ചാവ് നിറച്ച സഞ്ചികൾ ശരീരത്തിൽ കയറുപയോഗിച്ച് കെട്ടിവെച്ച നിലയിൽ കാണിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
പ്രതികൾ ഒഡീഷയിൽ നിന്നും മധ്യപ്രദേശിലേക്കാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ടൈറ്റ്ലാഗഡ് റെയിൽവേ സ്റ്റേഷനിലെ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് പ്രശംസ അറിയിച്ചുകൊണ്ട്, സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ശരീരത്തിൽ വസ്ത്രങ്ങൾക്കുള്ളിൽ ചുറ്റി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കടത്താനുള്ള കടത്തുകാരുടെ രീതി എല്ലാവരെയും ഞെട്ടിച്ചു.