അമ്മയുടെ പാഠങ്ങൾ തുണയായി : ശ്വാസംമുട്ടിയ സഹോദരന് ജീവൻ നൽകി കൊച്ചുമിടുക്കി ലീഹ് ജെയിംസ്
Sunday, October 12, 2025 2:25 PM IST
മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടിയ അനുജൻ ലോഗന് രക്ഷകയായി മാറിയ ചേച്ചി ലീഹ് ജെയിംസാണ് ഇപ്പോൾ അമേരിക്കൻ മാധ്യമങ്ങളിലെ താരം. ലാവോൺ പോലീസ് ഡിപ്പാർട്ട്മെന്റിലെ സ്പെഷ്യൽ പ്രോഗ്രാംസ് അഡ്മിനിസ്ട്രേറ്ററായ ഹീതർ ജെയിംസിന്റെ മകളാണ് ലീഹ്.
സഹോദരങ്ങളായ ലീഹും ലോഗനും ട്രാംപോളിനിൽ കളിക്കുന്നതിനിടെ ഹാർഡ് കാൻഡികൾ കഴിച്ചിരുന്നു. കളി തുടരുന്നതിനിടയിൽ ലോഗൻ ട്രാംപോളിനിൽ ചാടിയപ്പോൾ അപ്രതീക്ഷിതമായി മിഠായി തൊണ്ടയിൽ കുടുങ്ങി.
ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന ലോഗനെ കണ്ട ലീഹ്, ഉടൻ പ്രതികരിച്ചു. കളി റെക്കോർഡ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ആദ്യം ലീഹ് അനുജന്റെ പുറത്ത് തട്ടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ശേഷം ലോഗനെ ചുറ്റിപ്പിടിച്ച്, വയറിൽ ഹെയ്മ്ലിക്ക് മാനുവർ എന്നറിയപ്പെടുന്ന അബ്ഡൊമിനൽ ത്രസ്റ്റ്സ് നൽകി.
മൂന്ന് തവണ കൃത്യമായി മർദ്ദം നൽകിയതോടെ മിഠായി പുറത്തേക്ക് തെറിച്ചുപോവുകയും ലോഗന് ശ്വാസം തിരികെ ലഭിക്കുകയും ചെയ്തു. ലാവോൺ പോലീസ് ഡിപ്പാർട്ട്മെന്റാണ് ഈ വീഡിയോ പുറത്തുവിട്ടതും ലീഹിന്റെ ധീരമായ പ്രവർത്തനം ലോകത്തെ അറിയിച്ചതും.
ലാവോൺ ബേബിസിറ്റർ ക്ലബ്ബിന്റെ ഇൻസ്ട്രക്ടർ ഗൈഡുകൾ ഉപയോഗിച്ച് മകൾക്ക് അത്യാവശ്യ ജീവൻ രക്ഷാ പാഠങ്ങൾ പഠിപ്പിച്ചത് അമ്മയായ ഹീതർ ജെയിംസായിരുന്നു. നിർണായക നിമിഷത്തിൽ, താൻ പഠിച്ച കാര്യങ്ങൾ കൃത്യമായി പ്രയോഗിക്കാനുള്ള ലീഹിന്റെ മനസാന്നിധ്യമാണ് അനുജന്റെ ജീവൻ രക്ഷിക്കാൻ കാരണമായത്.
"എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ലീഹിനറിയാമായിരുന്നു. അവളുടെ ധൈര്യവും പെട്ടെന്നുള്ള പ്രതികരണവും കാരണം ഇന്ന് അനുജൻ സുരക്ഷിതനാണ്. ഇതൊരു യഥാർത്ഥ ജീവന്മരണ സാഹചര്യമായിരുന്നു, ഹീറോയാകാൻ പ്രായം ഒരു തടസമല്ലെന്ന് ലീഹ് തെളിയിച്ചു', ലാവോൺ പോലീസ് ഡിപ്പാർട്ട്മെന്റ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ലീഹിന്റെ ഈ പ്രവൃത്തി ഇന്റർനെറ്റിൽ വലിയ ശ്രദ്ധ നേടുകയും രാജ്യമെമ്പാടുമുള്ള ആളുകൾ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. കുട്ടികളെ ചെറുപ്പത്തിലേ പ്രഥമശുശ്രൂഷാ പാഠങ്ങൾ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു.
ലീഹിന്റെ ഈ സമയോജിതമായ ഇടപെടലിന് നവംബറിൽ ചേരുന്ന ലാവോൺ സിറ്റി കൗൺസിൽ യോഗത്തിൽ ഔദ്യോഗികമായി ആദരം നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിന് ദുരന്തമായി മാറിയേക്കാവുന്ന നിമിഷത്തെ അഭിമാനത്തിന്റെയും ആശ്വാസത്തിന്റെയും ഓർമ്മപ്പെടുത്തലായി മാറ്റിയ ലീഹ്, ഇന്ന് ടെക്സസിന് ഒരു പ്രചോദനമാണ്.