ആൽമരം വീണു: വൃദ്ധയുടെ ദുഃഖം വൈറലായി, മരം മുറിച്ചവർ ജുഡീഷ്യൽ കസ്റ്റഡിയിൽ
Sunday, October 12, 2025 4:40 PM IST
ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു സംഭവം സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയാവുകയാണ്. സറാഗോണ്ടി ഗ്രാമത്തിൽ, 20 വർഷത്തിലധികം താൻ നട്ടുനനച്ച്, സ്വന്തം മക്കളെപ്പോലെ വളർത്തിയ ആൽമരം വെട്ടിമാറ്റിയതറിഞ്ഞ വൃദ്ധയുടെ വേദന സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തി.
മരം മുറിച്ചിട്ട സ്ഥലത്തെത്തി അതിന്റെ കുറ്റിയിൽ കെട്ടിപ്പിടിച്ച് അലമുറയിട്ട് അവർ കരയുന്ന ദൃശ്യങ്ങൾ, കണ്ടുനിന്നവരുടെയെല്ലാം മനസിനെ സ്പർശിച്ചു. കേവലം ഒരു മരം മുറിച്ചു മാറ്റിയതിലുപരി, ഗ്രാമവാസികളുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും ഏറ്റ കനത്ത പ്രഹരമായാണ് നാട്ടുകാർ ഈ വിഷയത്തെ കാണുന്നത്.
ഈ വൃദ്ധ ദിവസവും ഈ മരത്തിന് വെള്ളം ഒഴിക്കുകയും മുടങ്ങാതെ ആരാധനകൾ നടത്തുകയും ചെയ്തിരുന്നു. തങ്ങളുടെ ആത്മീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി അവർ ഈ മരത്തെ കണ്ടിരുന്നു. മരം മുറിച്ചുമാറ്റപ്പെട്ടപ്പോൾ അവർ അനുഭവിച്ച ദുഃഖം, ഗ്രാമം മുഴുവൻ അനുഭവിച്ച സമാനമായ വേദനയുടെ പ്രതിഫലനമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിന് പിന്നിൽ പ്രാദേശിക ഭൂമിയിടപാടുകാരനായ ഇമ്രാൻ മേമൻ ആണെന്നാണ് ഗ്രാമീണരുടെ ആരോപണം. താൻ അടുത്തിടെ വാങ്ങിയ സ്ഥലത്തിന് എതിർവശത്തുള്ള സർക്കാർ ഭൂമി നിരപ്പാക്കുന്നതിനായാണ് ഇമ്രാൻ മരം മുറിക്കാൻ നിർദ്ദേശിച്ചത്. ഇമ്രാന്റെ കൂട്ടാളിയായ പ്രകാശ് കോസാരെയാണ് മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ആൽമരം വെട്ടിമാറ്റിയത്.
ശേഷം ഇരുവരും ഉടൻ തന്നെ ഖൈരാഗഢിലേക്ക് രക്ഷപ്പെട്ടിരുന്നു. തെളിവുകൾ ഇല്ലാതാക്കുന്നതിനായി, മരം മുറിക്കാൻ ഉപയോഗിച്ച യന്ത്രം അടുത്തുള്ള പുഴയിൽ എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന്, പോലീസ് സ്കൂട്ടർ കണ്ടെടുക്കുകയും യന്ത്രത്തിനായി പുഴയിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.
ഗ്രാമത്തിലെ പ്രമോദ് പട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 298-ാം വകുപ്പ് (മതവികാരത്തെ വ്രണപ്പെടുത്തൽ), മൂന്ന്(അഞ്ച്) വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. കൂടാതെ ക്രിമിനൽ നടപടിച്ചട്ടത്തിലെ 238-ാം വകുപ്പ്, പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ വകുപ്പുകൾ എന്നിവയും പിന്നീട് കൂട്ടിച്ചേർത്തു.
ആസൂത്രിതമായി ഈ കൃത്യം ചെയ്ത ഇമ്രാനെയും പ്രകാശിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, സ്വന്തം ആവശ്യങ്ങൾക്കായി ഭൂമി കൈവശപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് മരം മുറിച്ചത് എന്ന് ഇമ്രാൻ കുറ്റസമ്മതം നടത്തിയതായും അധികൃതർ അറിയിച്ചു.