തിരുവനന്തപുരം: പിതൃസ്മരണയില്‍ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങള്‍ ഇന്നു കര്‍ക്കടക വാവ് ആചരിക്കും. ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയാറാക്കി വിളമ്പും. എല്ലാ പ്രധാനപ്പെട്ട സ്നാനഘട്ടങ്ങളിലും ബതിതര്പ്പണത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കര്‍ക്കടക വാവ്ബലി ആചരിക്കുന്നത്.
മരിച്ചുപോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മമാണ് ബലിയിടല്‍. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണു കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
പിതൃക്കള്‍ക്കു ബലിയിടുന്നതിലൂടെ ദീര്‍ഘായുസ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വര്‍ഗം, മോക്ഷം എന്നിവയാണ് ഗുണം. പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുന്നിതനായി പുണ്യതീർ ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയർപ്പിക്കുന്ന ദിവസമാണ് കർക്കടക വാവ്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും വളരെ പ്രധാന്യത്തോടെയാണ് കര്‍ക്കടക വാവ് ബലി നടത്താറുള്ളത്.
തിരുവല്ലം ശ്രീപരശുരാമ ക്ഷേത്രം, ശിവഗിരി മഠം, വര്‍ക്കല പാപനാശം, അരുവിപ്പുറം, ശംഖുമുഖം കടപ്പുറം, കൈമനം ചിറക്കര മഹാവിഷ്ണു ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം, നടുവത്ത് മഹാവിഷ്ണു ക്ഷേത്രം, തമലം ത്രിവിക്രമംഗലം മഹാവിഷ് ണു ക്ഷേത്രം,
കൈമനം അമൃതാനന്ദമയി മഠം, തളിയല്‍ മഹാദേവ ക്ഷേത്രകടവ്, ചെറുപഴിഞ്ഞി മഹാവിഷ്ണു ക്ഷേത്രം, തിരുമല കുണ്ടമണ്‍ഭാഗം ദേവീ ക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വേളി പൊഴിക്കര ഗണപതി ക്ഷേത്രം എന്നവിടങ്ങളിലെല്ലാം പുലര്‍ച്ചയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.
പാറശാല: ദേശിയ തീര്‍ഥാടന കേന്ദ്രവും ലോക റെക്കോര്‍ഡില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ ലിംഗം സ്ഥിതി ചെയുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കര്‍ക്കടക വാവുബലി തര്‍പ്പണ ചടങ്ങുകൾ ആരംഭി ച്ചു. ക്ഷേത്രത്തിന്റെ ആറാട്ട് കടവായ കാഞ്ഞിരമൂട്ടുകടവില് രാവിലെ അഞ്ചു മുതലാണു ബലിതര്‍പ്പണ ചടങ്ങുകള്‍ അരംഭിച്ച ത്. ആറാട്ടു കടവില്‍ പ്രത്യേകം തയാറാക്കിയ ബലി മണ്ഡപത്തില്‍ ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിധ്യത്തില്‍ ആചാര്യന്മാരുടെ നേതൃത്വത്തിലാണു ബലിതര്‍പ്പണ കര്‍മങ്ങള്‍ നടക്കുന്നത്.
ബലിതര്‍പ്പണത്തിനു എത്തുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളും സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ഫയര്‍ ആൻഡ് റെസ്ക്യൂ, പോലീസ്, എക്സൈസ്, ആരോഗ്യവകുപ്പുകളുടെയും, ചെങ്കല്‍ പഞ്ചായത്തിന്റെയും സേവനങ്ങള്‍ ഉണ്ടായിയിരിക്കും. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നു കെഎസ്ആര്‍ടിസിയുടെ സ്പെഷൽ ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്നു ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു.
നെടുമങ്ങാട്: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ബലിതർപ്പണത്തിനു വിപുലമായ പരിപാടികളാണ് ക്ഷേത്ര കമ്മിറ്റികളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരുക്കിയിട്ടുള്ളത്. രാത്രി വളരെ വൈകിയും ബലിതർപ്പണത്തിന് എത്തുന്നവർക്ക്ു വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു സംഘാടകർ. നെടുമങ്ങാട് നഗരസഭയുടെ കീഴിൽ കല്ലമ്പാറയിലെ ബലിതർപ്പണ കടവിൽ, വാട്ടർ അഥോറിറ്റി,ഫയർ ഫോഴ്സ്, പോലീസ്, കുടുംബശ്രീ എന്നിവരുടെ സേവനം ഒരുക്കിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പു തന്നെ ബലിതർപ്പണക്കടവിനു സമീപം കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തിൽ കാർഷിക വിപണന മേളകൾ നടന്നുവരുന്നു.
താലൂക്കിലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു ബലിതർപ്പണ കടവായ അരുവിക്കര ഡാം സൈറ്റിൽ, ബലിതർപ്പണത്തിന് എത്തുന്നവർക്കു വേണ്ടി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽനിന്ന് അരമണിക്കൂർ ഇടവിട്ടു രാവിലെ മുതൽ തന്നെ അരുവിക്കര ഡാം സൈറ്റിലേക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്നു കെഎസ്ആർടിസി അധികാരികൾ അറിയിച്ചു. ഇവിടെ എത്തുന്നവർക്ക് ആവശ്യമായ എല്ലാവിധ സഹകരണങ്ങളും നൽകുന്നതിന് പോലീസ് സേന, ഫയർഫോഴ്, ജല അതോറിറ്റി എന്നിവയുടെ സേവനം ഒരുക്കിയിട്ടുണ്ട്.
താലൂക്കിലെ പ്രധാനപ്പെട്ട മറ്റു ബലിതർപ്പണക്കടവുകളായ കരകുളം മുദി ശാസ്താംകോട് ദേവീക്ഷേത്രം, കരിപ്പൂര്‍, വിതുര തവക്കൽ, പാലോട് ചിപ്പൻചിറ ത്രിവേണി സംഗമം, ആനായിക്കോണം ദേവീക്ഷേത്രം, പച്ച ശ്രീധർമ്മശാസ്ത്ര ക്ഷേത്രം, ഊഴമലയ്ക്കൽ ഏലിയാവൂർ കടവ്, ചേരപ്പള്ളി ശിവശക്തി ക്ഷേത്രം, ഉടമലയ്ക്കൽ ലക്ഷ്മിമംഗലം ദേവീക്ഷേത്രം, ഇറവൂർ അച്ഛൻ കാലമഠം, മുഖവൂർ ക്ഷേത്രം എന്നിവിടങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കോട്ടയ്ക്കകം ദേവീക്ഷേത്രത്തിൽ രാവിലെ നാലുമണി മുതൽ മേൽശാന്തി അജിൻ ഹരിപ്പാടും, ചേരപ്പള്ളി ശിവക്ഷേത്രത്തിൽ രാവിലെ ആറു മുതൽ മേൽശാന്തി വിഷ്ണു പോറ്റിയും, ഇറവൂർ മൂർത്തിയാർ മഠം ശിവ പാർവതി ക്ഷേത്രത്തിൽ അജയൻ പോറ്റിയും ചടങ്ങുകൾക്കു മുഖ്യ കാർമികത്വം വഹിക്കും.
വിഴിഞ്ഞം: കോവളം, ആഴിമല, കരിക്കാത്തി ബീച്ച്, അടിമലത്തുറ, പൂവാർ, പൊഴിക്കര എന്നിവിടങ്ങളിലായി ആയിരങ്ങൾ ഇന്നു ബലിതർപ്പണം നടത്തും. കോവളം ഗ്രോ, ലൈറ്റ്ഹൗസ്, ഹൗവ്വ, സമുദ്രാ ബീച്ചുകളിലായി പതിനായിരത്തിനടുത്തു ആളുകൾ വരുമെന്നും കണക്കു കൂട്ടുന്നു.
പുലർച്ചെ മുതൽവരുന്നവർക്ക് സുരക്ഷയൊരുക്കാൻ വലിയ പോലീസ് സംഘവും എല്ലായിടത്തും രംഗത്തുണ്ട്. ബീച്ചുകളിൽ അപകടമുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചതിനുപരി ആൾക്കാർ അനുവാദമില്ലാതെ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കാൻ കയർ കെട്ടിത്തിരിച്ചിട്ടുണ്ട്.
മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പോലീസ് എന്നിവരുടെ പട്രോൾ ബോട്ടുകൾ കടലിൽ സുരക്ഷക്കായി ഉണ്ടാകും. ലൈഫ് ഗാർഡുമാരുടെ സേവനം മുഴുസമയവും ഉണ്ടാകും. കൂടാതെ ആംബുലൻസ് സേവനവും ഫയർ ഫോഴ്സ് സേവനവും ബീച്ചിലുണ്ടാകും. കരഭാഗത്തുനിന്നും ഏറെ താഴ്ചയിലുള്ള മുല്ലൂർ കരിക്കാത്തി ബീച്ചിലും നൂറു കണക്കിന് പേർ തർപ്പണത്തിനെത്തും.
അപകടം പതിയിരിക്കുന്ന ബീച്ചിൽ കടലിൽ ഇറങ്ങുന്നതിന് കർശന വിലക്കുണ്ട്. മുല്ലൂരിൽ തുറമുഖം വന്നതോടെയാണു ബലി തർപ്പണം കരിക്കാത്തി ബീച്ചിലേക്ക് മാറ്റിയത്. കടൽക്ഷോഭംമൂലം പൊഴിക്കര വരെയുള്ള തീരങ്ങളിൽ കടലിൽ ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.