വെഞ്ഞാറമൂട് : മകന്റെ വിവാഹം ലളിതമാക്കി നിർധനരോഗികൾക്ക് ചികിത്സാ സഹായം നൽകി ദമ്പതികൾ മാതൃകയായി. വെഞ്ഞാറമൂട് വാവുക്കോണത്ത് രാകേഷ് ഭവനിൽ രാജേന്ദ്രൻ-ബിന്ദു ദമ്പതികളാണ് തങ്ങളുടെ മകൻ രാകേഷിന്റെ വിവാഹ ചടങ്ങുകൾ ലളിതമായി നടത്തി, നിർധനരായ മുന്നൂറോളം രോഗികൾക്ക് ധനസഹായം നൽകി മാതൃകയായത്.
മകന്റെ തീരുമാനം മാതൃകാപരമെന്നു കണ്ട രാജേന്ദ്രന്റെ മാതാവ് പി. ലക്ഷ്മി നൽകിയ ഒരു ലക്ഷം രൂപ ഉൾപ്പെടെ പതിനൊന്നു ലക്ഷം രൂപയുടെ ധനസഹായമാണ് വെഞ്ഞാറമൂട് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന യുവാക്കളുടെ സംഘടനയായ സ്നേഹക്കൂടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന "ജീവകാരുണ്യ മഹാ സംഗമ-ത്തിലൂടെ വിതരണം ചെയ്തത്. വെഞ്ഞാറമൂട് റാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡ്വ. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. അഡ്വ. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷനായിരുന്നു.
സ്നേഹക്കൂട് ഓർഗനൈസിംഗ് സെക്രട്ടറി എസ് ഗോപകുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ 37 പഞ്ചായത്തുകളിൽനിന്നും മൂന്നു മുനിസിപ്പാലിറ്റികളിൽ നിന്നും എത്തിച്ചേർന്ന 100 കണക്കിന് നിർധന രോഗബാധിതർക്ക് ആശ്വാസ ധനസഹായമായി 4000 രൂപ വീതവും, തുടർന്ന് ഭക്ഷ്യധാന്യ കിറ്റുകളും വിദ്യാർഥികൾക്ക് ബാഗ് ഉൾപ്പെടെയുള്ള പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു.
സ്റ്റേറ്റ് ഇന്റലിജൻസ് എസ്പിഎ ഷാനവാസ്, കെവിവിഎസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന രാജേന്ദ്രൻ, പി.വി. രാജേഷ്, കുതിരകുളം ജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീലാ കുമാരി, ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ, റജികുമാർ, കോൺഗ്രസ് വാമനപുരം മണ്ഡലം പ്രസിഡന്റ് ബിനു എസ്. നായർ, എഎസ്ആർഎ ജില്ലാ പ്രസിഡന്റ് പി. ഗോപകുമാർ, ബാബു കെ. സിതാര, വി.എസ്. ബിജുകുമാർ, ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ സംസാരിച്ചു.
കൃഷ്ണനുണ്ണി നന്ദി രേഖപ്പെടുത്തി. പി ലക്ഷ്മി അമ്മയെ മാതൃകാ മാതാവായും, വി. രാജേന്ദ്രനെ മികച്ച ജീവകാരുണ്യ പ്രവർത്തകനായും പുരസ്കാരം നൽകി ആദരിച്ചു. ഡോക്ടർമാരും ആംബുലൻസും ചേർന്ന മെഡിക്കൽ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. നറുക്കെടുപ്പിലൂടെ വൈവിധ്യമാർന്ന സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്പൂർണ സദ്യ ഒരുക്കിയിരുന്നു.