പുതിയ കെട്ടിട നിര്‍മ്മാണത്തിനായി എം.എല്‍.എ 1.15 കോടി അനുവദിച്ചു
പെരിന്തല്‍മണ്ണ: സ്ഥല പരിമിതിമൂലം വീര്‍പ്പുമുട്ടുന്ന പെരിന്തല്‍മണ്ണ വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ടാവും. വില്ലേജ് ഓഫീസിനായി അധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിക്കും. നജീബ് കാന്തപുരം എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 1.15 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
നിലവിലെ വില്ലേജ് ഓഫീസിന് എതിര് വശത്ത് സബ് കളക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപം റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പത്ത് സെന്റ് സ്ഥലത്താണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഉയരുന്നത്. സ്ഥലപരിമിതി വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.
സൗകര്യക്കുറവ് ഉദ്യോഗസ്ഥര്‍ക്കും ഓഫീസിലെത്തുന്ന നാട്ടുകാര്‍ക്കും ബുദ്ധിമുട്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നജീബ് കാന്തപുരം എം.എല്‍.എ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചത്.
പുതിയ കെട്ടിടത്തിന്റ ശിലാസ്ഥാപന ചടങ്ങ് റവന്യു വകുപ്പ് മന്ത്രി കെ. രാജന് ഓണ്‍ലൈനായി നിര്‍വഹിച്ചു. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര് വിനോദ് സ്വാഗതവും സബ് കളക്ടര്‍ അപൂര്‍വ്വ ത്രിപാഠി നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, എ.ഡി.എം. മെഹറലി, നഗരസഭ കൗണ്‍സിലര്‍മാരായ ഫാറൂഖ് പച്ചീരി, ജാഫര്‍ പത്തത്ത്, മന്‍സൂര്‍ നെച്ചിയില്‍, ഹുസ്സയിന നാസര്‍, ശ്രീജിഷ, കൃഷ്ണപ്രിയ, സീനത്ത്, അഡ്വ. പ്രവീണ്‍, ഹുസ്സയിന് റിയാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബഷീര്‍ നാലകത്ത്, എ. ആനന്ദന്, രാജന് കൊച്ചു, മാനുപ്പ കുറ്റീരി, തഹസില്‍ദാര്‍ വേണുഗോപാല്‍ സംസാരിച്ചു.