കൂടരഞ്ഞി: മലയോര മേഖലയിൽ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങള്‍. രാത്രിവൈകിയും മഴ തുടര്‍ന്ന തോടെ പലയിടത്തും വൈദ്യൂതി ബന്ധം താറുമാറായി.കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടം. കൂമ്പാറയിൽ തെങ്ങും മരങ്ങളും വീടുകളുടെ മുകളിൽ പതിച്ചു വീടുകൾക്ക് നാശനഷ്ടമുണ്ടായി.
കൂമ്പാറ പുന്നക്കടവ് കെ.ടി ഹനീഫ, പരേങ്ങൽ ഹംസ എന്നിവരുടെ വീടുകൾക്കാണ് കനത്ത നാശനഷ്ടം സംഭവിച്ചത്. കുളിരാമുട്ടി മുള്ളൻപടി ഭാഗത്തു രാത്രി വീശിയടിച്ച കാറ്റിൽ കളമ്പുകാട്ട് രാജു, ചാക്കോ, വർക്കി, ജിബി എന്നിവരുടെ തെങ്ങും കമുകും ജാതിയും ഉൾപ്പെടെ കടപ്പുഴകി വീണു. തെങ്ങ് ഉൾപ്പെടെ മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു.
പുല്ലുരാംപാറ പള്ളിപ്പടി തീക്കുഴിവയലിൽ ജോയിയുടെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.വൈദ്യുതി കമ്പികൾക്ക് മുകളിലും മരങ്ങൾ വീണു. പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയാണ്.
പേരാമ്പ്രയിൽ മരങ്ങൾ വീണ് ഗതാഗത തടസം
പേരാമ്പ്ര: പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റോഡരികിലുള്ള മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസമുണ്ടായി. പേരാമ്പ്ര ബൈപാസ് റോഡിൽ ഇഎംഎസ് ആശുപത്രിക്ക് സമീപം മരം വീണു. വാല്യക്കോട് ഹൈടെൻഷൻ ലൈനിന്റെ മുകളിലേക്ക് കൂറ്റൻ തെങ്ങ് മറിഞ്ഞു വീണത് ഏറെ നേരം പരിശ്രമിച്ചാണ് അഗ്നി രക്ഷാസേന അപകടം കൂടാതെ മുറിച്ചു മാറ്റിയത്.
ആവള മഠത്തിൽമുക്കിൽ ഇലക്ട്രിക് ലൈനിന്റെ മുകളിലൂടെ റോഡരികിലുള്ള പ്ലാവും തേക്കും വീണത് ഏറെനേരം യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.നൊച്ചാട് ചാത്തോത്ത് താഴെയിലും കായണ്ണ അങ്ങാടിയിലും മരം വീണ് റോഡ് തടസ്സപ്പെട്ടു. കോടേരിചാലിൽ വീടിന്റെ മുകളിലേക്ക് വൻ മരം മറിഞ്ഞു വീണു. കൂരാച്ചുണ്ടിലും കക്കയം റോഡിൽ പൂവത്തുംതാഴെ മരം വീണതിനാൽ ദീർഘ നേരം ഗതാഗത തടസം സൃഷ്ടിച്ചു.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിലിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി വിവിധ സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
പെരുവണ്ണാമൂഴി: കനത്ത കാറ്റിൽ ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഒന്നിൽ പെട്ട പന്നിക്കോട്ടൂരിലും നാശം. കൈതക്കൊല്ലി പ്രകാശിന്റെ വീടിനു മുകളിൽ മരം വീണു. ചന്ദനത്തിൽ ഗിരീഷിന്റെ വീടിനു മീതെ കവുങ്ങ് മുറിഞ്ഞു വീണു.ഇരുവരുടെയും വീടുകൾക്ക് തകരാർ സംഭവിച്ചു. ചെമ്മീൻ കമ്പനിക്കു സമീപം വൈദ്യുതി ലൈൻ പൊട്ടി വീണു. പലയിടങ്ങളിലും വ്യാപകമായി വൈദ്യുതി വിതരണ തടസവുമുണ്ടായി.
മിന്നല്‍ ചുഴലി നാശം വിതച്ചു
നാദാപുരം : ശക്തമായ മഴക്കൊപ്പം മിന്നല്‍ ചുഴലിയും വിലങ്ങാട് , കല്ലാച്ചി,നാദാപുരം മേഖലകളില്‍ കാറ്റ് നാശം വിതച്ചു വന്‍ മരങ്ങള്‍ കടപുഴകി വീണു വീടുകളും വാഹനങ്ങളും തകര്‍ന്നു. നാദാപുരം പഞ്ചായത്ത് നാലാം വാര്‍ഡ് തെരുവന്‍ പറമ്പ് , ചിയ്യൂര് , ചീറോത്ത് മുക്ക് എന്നിവിടങ്ങളിലും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ,തൂണേരി പഞ്ചായത്തിലെ കോടഞ്ചേരി മേഖലകളിലുമാണ് മിന്നല്‍ ചുഴലി നാശം വിതച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മേഖലയിൽ കാറ്റ് വീശിയത്. വീടുകള്‍ക്ക് മുകളില്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു വീടുകള്‍ തകര്‍ന്നു പല വീടുകളുടെയും ഓടുകള്‍ കാറ്റില്‍ പാറി പോയി. കല്ലാച്ചി ചീറോത്ത് തൈവെച്ച പറമ്പത്ത് ബഷീറിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് മുകളില്‍ തേക്ക് മരം കടപുഴകി വീണ് ഇന്നോവ കാര്‍ തകര്‍ന്നു.
വീടിനും കേട്പാട് സംഭവിച്ചു.വിഷ്ണുമംഗലത്ത് പുത്തന്‍പുരയില്‍ സുഗതന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും സ്കൂട്ടറിനും മുകളില്‍ മരം കടപുഴകി വീണ് കാറിന് നാശം സംഭവിച്ചു.
തെരുവൻ പറമ്പിൽ കുറ്റിക്കാട്ടിൽ സുധീഷിന്റെ വീട് മരം വീണ് തകർന്നു.
ചീറോത്ത് ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി പതിനൊന്ന് കെ വി വൈദ്യുതി തൂണുകള്‍ തകര്‍ന്നു.പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. വിലങ്ങാട് ഉരുട്ടി , വാളുക്ക് , മഞ്ഞക്കുന്ന് പ്രദേശങ്ങളിലും അതി ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്ക് മേല്‍ പതിച്ചു.ഇടവഴികളിലും, റോഡുകളിലും ,പറമ്പുകളിലും നിരവധി മരങ്ങളാണ് കാറ്റില്‍ കടപുഴകി വണത്.
ലക്ഷങ്ങളുടെ നാശ നഷ്ടമാണ് ഈ മേഖലയില്‍ സംഭവിച്ചത്. ചൂരപ്പൊയ്കയിൽ ജോബിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് ഓടും , കവുക്കോൽ എന്നിവ തകർന്നു. ഉരുട്ടിയിൽ താനിയുള്ള പറമ്പത്ത് കുമാരന്റെ വീടിന് മുകളിൽ തെങ്ങ്, പ്ലാവ് എന്നീ മരങ്ങൾ വീണ് വീട് തകർന്നു. മഖലയിൽ ചുഴലി വീശിയ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും താറുമാറായി മരങ്ങള്‍ വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഈ മേഖല ഇരുട്ടിലായി.
വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായിഅധികൃതര്പറഞ്ഞു. നാദാപുരം പരപ്പ് പാറ സെക്ഷനുകളിലായി 50 ലേറെ വൈദ്യുതി തൂണുകൾ തകർന്നതായും ലക്ഷങ്ങളുടെ നാശനഷ്ടം ബോർഡിന് സംഭവിച്ചതുമായാണ് പ്രാഥമിക കണക്ക്. അപകട മേഖലകളിൽ നാദാപുരംഅഗ്നിരക്ഷാ സേനയും , ജനകീയ ദുരന്ത സേനാ പ്രവർത്തകരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ എകോപ്പിച്ചു.
കർമ നിരതരായി അഗ്നിരക്ഷാസേന
നാദാപുരം : ശനിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെ ആഞ്ഞ് വീശിയ മിന്നൽ ചുഴലി യിൽ മരങ്ങൾ വീണ് രൂപപ്പെട്ട ഗതാഗത തടസ്സങ്ങൾ നീക്കാനും രക്ഷാ പ്രവർത്തനങ്ങൾക്കുമായി പരക്കം പാഞ്ഞ് അഗ്നി രക്ഷാ സേന. പുലർച്ചെയാണ് കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ പയന്തോംഗിൽ റോഡിന് കുറുകെ മരം വീണതായി വിവരം വന്നത്.
ഇതോടെ ആരംഭിച്ച രക്ഷാപ്രവർത്തനം സമാപിച്ചത് വൈകുന്നേരമായിരുന്നു.റോഡിലും , വീടുകൾക്ക് മുകളിലും വൈദ്യുതി ലൈനുകളിലുംകടപുഴകി വീണ മരങ്ങൾ മുറിച്ച് നീക്കുകയായിരുന്ന പ്രഥാന കർത്തവ്യം. നാദാപുരം , കല്ലാച്ചി മേഖലകൾക്ക് പുറമേ വിലങ്ങാട് മലയോര മേഖലയിലെ യും കെടുതികളിൽ അഗ്നി രക്ഷാ സേനാംഗങ്ങൾ പറന്നെത്തി.
കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിലൂടെ പോകുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി യായി അപകടാവസ്ഥയിൽ നിന്ന മരവും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മുറിച്ചു നീക്കി.ഇതിനിടയിലാണ് ഉച്ചയോടു കൂടി അമ്പലകുളങ്ങര നിട്ടൂരിൽ കാനയിൽ വീണ പശുവിനെയും സേന രക്ഷപ്പെടുത്തുകയുണ്ടായി.
നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന്
നാദാപുരം : മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി .ചുഴലിക്കാറ്റ് നടന്ന പ്രദേശത്ത് നഷ്ടം കണക്കാക്കുന്നതിന് റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജില്ലാ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചുഴലിക്കാറ്റ് വീശിയ നാദാപുരം പഞ്ചായത്തിലെ കല്ലാച്ചി ഭാഗങ്ങളിലെ എംപി സന്ദർശിച്ചു.
വീടിനു മുകളില്‍ മരം കടപുഴകി വീണു
കൂത്താളി : വൃദ്ധ ദമ്പതികള്‍ കിടന്നുറങ്ങുകയായിരുന്ന വീടിനു മുകളില്‍ മരം കടപുഴകി വീണു. കൂത്താളി പഞ്ചായത്തിലെ ആറാം വാര്‍ഡ് കിഴക്കന്‍ പേരാമ്പ്രയിലെ മങ്കുന്നുമ്മല് ഗംഗാധരന് നായരുടെ വീടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. ഇന്നലെ പുലര്‍ച്ചെ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലാണ് വീടിന് മുകളിലേക്ക് തെങ്ങ് വീണത്.
കൂത്താളി പഞ്ചായത്ത് മുന്‍ അംഗമായ ഗംഗാധരന് നായരും ഭാര്യയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് വീടിന് മുകളില്‍ മരം വീണത് അറിയുന്നത്. ഇരു നില ഓടു മേഞ്ഞ വീടിന്റെ മേല്ഭാഗത്തേയും വരാന്തയുടെയും കഴുക്കോലും പട്ടികയും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.