കൽപ്പറ്റ: ഇടതുസർക്കാരിന്റെ തുടർഭരണമാണ് സംസ്ഥാന സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി. സംസ്ഥാന സിവിൽ സർവീസിനെ തകർക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് എൻജിഒഎ ജില്ലാ കമ്മിറ്റി സിവിൽസ്റ്റേഷനു മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശന്പള പരിഷ്കരണം, ക്ഷാമബത്ത, പങ്കാളിത്ത പെൻഷൻ, മെഡിസെപ്പ്, തദ്ദേശ വകുപ്പിലെ തസ്തികകൾ വെട്ടിക്കുറയ്ക്കൽ തുടങ്ങി ജീവനക്കാരെ ആകെ ബാധിക്കുന്ന വിഷയങ്ങൾ ഏറ്റെടുക്കാതെ ഭരണകക്ഷി സർവീസ് സംഘടനാനേതാക്കൾ തുടർഭരണത്തിന്റെ തണലിൽ അഴിമതിക്ക് കളമൊരുക്കുകയാണ്.
പ്രതിപക്ഷ സംഘടനകളിലെ അംഗങ്ങളെ തലങ്ങും വിലങ്ങും സ്ഥല മാറ്റുന്പോൾ ഭരണാനുകൂല സംഘടനകളിൽപ്പെട്ടവർ വർഷങ്ങളായി ഒരേ ഓഫീസിലും സ്റ്റേഷനിലും ഇരിക്കുകയാണ്. ഇത് അഴിമതിക്ക് സാഹചര്യം സൃഷ്ടിക്കുകയാണെന്നു ഷാജി പറഞ്ഞു.
ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. സി.കെ. ജിതേഷ്, ഇ.വി. ജയൻ, എം. നസീമ, ടി. പരമേശ്വരൻ, സിനീഷ് ജോസഫ്, വി.എസ്. ശരത്, എം.വി. സതീഷ്, ഇ.എം. സുമേഷ് എന്നിവർ പ്രസംഗിച്ചു. പി.ജെ. ഷിജു, എ. സുഭാഷ്, നിഷ പ്രസാദ്, എം.എസ്. സാനു, വി. മുരളി, ഷെറിൻ ക്രിസ്റ്റഫർ, പി. ശ്രീജിത്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.