ജിതേഷ് ചെറുവള്ളിൽ
മറയൂർ: കാന്തല്ലൂരിലെ മഞ്ഞിന്റെ മൂടുപടത്തിൽ പൊതിഞ്ഞ കൊളുത്താമലയിലെ വൃന്ദാവൻ മിസ്റ്റ് സിറ്റി സന്ദർശകരുടെ സ്വപ്നഭൂമി. പ്രകൃതിയൊരുക്കുന്ന മനോഹാരിതയ്ക്കു പുറമേ പഴവർഗ കൃഷിയുടെ വിളനിലംകൂടിയാണ് ഇവിടം. കാന്തല്ലൂരിന്റെ ഏറ്റവും ഉയർന്ന മലനിരകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെയും മനുഷ്യന്റെ കഠിനാധ്വാനത്തിന്റെയും അനുപമമായ സമന്വയമാണ്.
കൊളുത്താമലയിലേക്കുള്ള യാത്രപോലും ആരുടെയും മനസു കുളിർപ്പിക്കും. വഴിയോരങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന റോസാപ്പൂക്കളും ഡാലിയകളും ഗോൾഡൻ സൈപ്രസുമാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. തമിഴ്നാട്ടിലെ അമരാവതി, ഉടുമൽപേട്ട, തിരുമൂർത്തിമല, പൊള്ളാച്ചിയിലെ കാറ്റാടിപ്പാടങ്ങൾ, ആനമുടി കൊടുമുടി, ആനമുടിച്ചോല നാഷണൽ പാർക്ക്, ആനമല ടൈഗർ റിസർവ്, പഴനി മലനിരകൾ, പട്ടിശേരി ഡാം എന്നിവയുടെ മനോഹരമായ കാഴ്ചകളും ഇവിടെനിന്ന് ആസ്വദിക്കാം.
ആലത്ത് രാജന്റെ
സ്വപ്നഭൂമി
വൃന്ദാവൻ സിറ്റിയെന്ന ആശയത്തിനു പിന്നിൽ തൃശൂർ സ്വദേശിയും പ്രമുഖ ബിൽഡറും ചലച്ചിത്രനിർമാതാവുമായ ആലത്ത് രാജന്റെ ദീർഘവീക്ഷണമാണ്. യൂക്കാലിപ്റ്റസ് മരങ്ങൾ തിങ്ങിനിറഞ്ഞ് നിന്നിരുന്ന പ്രദേശത്തെ അദ്ദേഹം കഠിനാധ്വാനത്തിലൂടെ കാർഷിക സ്വർഗമാക്കി മാറ്റി. പത്തേക്കർ വിസ്തൃതമായ കൊളുത്താമലയിൽ, യൂക്കാലിപ്റ്റസ് മരങ്ങൾ പിഴുതെറിഞ്ഞാണ് രാജൻ തന്റെ ദൗത്യം ആരംഭിച്ചത്. ഫലവൃക്ഷങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് അദ്ദേഹം മാതൃകയായി.
കൃഷിയുടെ വൈവിധ്യം
പഴങ്ങളുടെയും പച്ചക്കറികളുടെയും പൂക്കളുടെയും സമൃദ്ധിയാണ് വൃന്ദാവൻ മിസ്റ്റ് സിറ്റി. ആപ്പിൾ, ഓറഞ്ച്, സീതപ്പഴം, മാതളനാരകം തുടങ്ങിയവ ചിട്ടയോടെ കൃഷി ചെയ്യുന്നു. ഇതോടൊപ്പം സബർജിൽ, ആപ്പിൾ തോട്ടങ്ങളും ശ്രദ്ധേയമാണ്.
500 ആപ്പിൾ മരങ്ങൾ, 80 സബർജിൽ മരങ്ങൾ, 130 മാതളനാരകം, മൂന്നുതരം സീതപ്പഴം, നാലുതരം അത്തി, നാലുതരം പീച്ച്, 12 തരം പേര, പ്ലംസ്, ലിച്ചി, ഞാവൽ, കിവി, ബ്ലാക്ക്ബറി, സപ്പോർട്ട, അവക്കാഡോ എന്നിവയും ഇവിടെയുണ്ട്.
ശീതകാല പച്ചക്കറികളായ കോളിഫ്ളവർ, ഗ്രീൻപീസ്, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, ബീൻസ്, വെള്ളുത്തുള്ളി, പച്ചമുളക്, തക്കാളി, വഴുതന എന്നിവ സീസണനുസരിച്ച് കൃഷി ചെയ്യുന്നു. പൂത്തുലഞ്ഞു നിൽക്കുന്ന ഉരുളക്കിഴങ്ങ് പാടങ്ങൾ കണ്ണിന് കുളിർമയേകുന്ന ദൃശ്യവിരുന്നാണ്.
പരിസ്ഥിതി സംരക്ഷണവും
രാജന്റെ ദീർഘവീക്ഷണം കൃഷിയിൽ മാത്രം ഒതുങ്ങുന്നില്ല. 2000-ലധികം കാട്ടുമരങ്ങൾ, മഹാഗണി, പൂമരം, മൂന്നുതരം കണിക്കൊന്ന, അത്തി, ഞാവൽ, രാജമല്ലി, ആയിരത്തോളം നെല്ലിമരങ്ങൾ എന്നിവയും നട്ടുപിടിപ്പിച്ചു. ഇതിലൂടെ മണ്ണൊലിപ്പ് തടയാനും സാധിച്ചു. യൂക്കാലിപ്റ്റസ് മരങ്ങളുടെ തടികൾ ഉപയോഗിച്ച് വുഡ് ഹൗസുകളും ഇരിപ്പിടങ്ങളും നിർമിച്ച് പരിസ്ഥിതി സൗഹൃദ മാതൃകയും സൃഷ്ടിച്ചു.
സന്ദർശകർക്ക് താമസിക്കാനായി വില്ലകളും കോട്ടേജുകളും നിർമിച്ചിട്ടുണ്ട്. ഇവിടെയെത്തുന്നവർക്ക് അവധിക്കാല വീടുകൾ സ്വന്തമാക്കാനും അവസരമുണ്ട്. രാജൻ ചെറിയ പ്ലോട്ടുകളിൽ കോട്ടേജുകൾ നിർമിച്ച് ആവശ്യക്കാർക്ക് നൽകിവരുന്നുണ്ട്.
ലക്ഷ്യം ആപ്പിൾ വില്ലേജ്
രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് എന്നതിനു പുറമേ കാന്തല്ലൂരിനെ ഒരു ആപ്പിൾ വില്ലേജാക്കുകയാണ് രാജന്റെ അടുത്ത ലക്ഷ്യം. വിദഗ്ധരുടെ സഹായത്തോടെ ഈ ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. മഞ്ഞിന്റെ മൂടുപടത്തിൽ തണുത്ത കാറ്റിന്റെ മർമരത്തിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും പൂക്കളുടെയും സ്വർഗഭൂമിയിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് സ്വാഗതമോതുകയാണ് ഈ മലനിരകൾ.