തൊടുപുഴ: വിനോദസഞ്ചാരികളെ സ്മാർട്ടാക്കാൻ ഇക്കോ ടൂറിസം പദ്ധതിയുടെ പുത്തൻ വെബ്സൈറ്റുമായി വനംവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിലെ 15 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഈ സേവനം ലഭ്യമാക്കും. കോതമംഗലം, മൂന്നാർ, മാങ്കുളം, മറയൂർ, പെരിയാർ ഈസ്റ്റ്, ഇടുക്കിയിലെയും മൂന്നാറിലെയും വൈൽഡ് ലൈഫുകൾ എന്നിങ്ങനെ എട്ട് ഫോറസ്റ്റ് ഡിവിഷനുകളിലായിട്ടാണ് 15 കേന്ദ്രങ്ങൾ.
ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ 80 ഇക്കോ ടൂറിസം സെന്ററുകളിൽ ഓണ്ലൈനിൽ വിനോദസഞ്ചാരികൾക്ക് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വെബ്സൈറ്റ് ആരംഭിച്ചത്. tthsp://ectoourism.forste.kerala.gov.in എന്ന വെബ്സൈറ്റ് വഴി ലോകത്തിന്റെ ഏത് കോണിലിരുന്നും ഇഷ്ടകേന്ദ്രങ്ങൾ സന്ദർശിക്കാനായി ബുക്ക് ചെയ്യാം.
230 വ്യത്യസ്ത പാക്കേജുകളാണ് തയാറാക്കിയിട്ടുള്ളത്. താമസം, ഭക്ഷണം, ഹോംസ്റ്റേ, റിസോർട്ട് എന്നിവ സംബന്ധിച്ച വിവരങ്ങൾ, പ്രവേശന പാസ്, ട്രക്കിംഗ് നിരക്ക് തുടങ്ങി എല്ലാത്തരം കാര്യങ്ങളും ഇതിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിൽ ഐഡി ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്താൽ ഇക്കാര്യം വ്യക്തമായി അറിയാൻ കഴിയും.
പ്ലേ സ്റ്റോറിലും ആപ്പ് പുറത്തിറക്കും. ആദ്യം ആൻഡ്രോയിഡ് ഫോണിലും പിന്നീട് ഐ ഫോണിലും ലഭ്യമാകും. ബുക്ക് ചെയ്ത് കഴിഞ്ഞാൽ ടിക്കറ്റടക്കം ഇ-മെയിലായി അപേക്ഷകന് ലഭിക്കും. ഇതിന് പുറമേ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സന്ദേശമായി അറിയിക്കും.
തൊമ്മൻകുത്ത് (കോതമംഗലം), ചൊക്രമുടി (മൂന്നാർ), കൈനഗിരി, നക്ഷത്രക്കുത്ത്, ആനക്കുളം (മാങ്കുളം), മറയൂർ ആനകോട്ടപ്പാറ, രാജീവ് ഗാന്ധി നേച്ചർ പാർക്ക് (മറയൂർ), ഈസ്റ്റ് തേക്കടി, വള്ളക്കടവ് (പെരിയാർ), തട്ടേക്കാട്, വാകവനം, വെള്ളാപ്പാറ (ഇടുക്കി വൈൽഡ് ലൈഫ്), ഇരവികുളം നാഷണൽ പാർക്ക്, ചിന്നാർ സാഞ്ച്വറി, ഷോല നാഷണൽ പാർക്ക് (മൂന്നാർ വൈൽഡ് ലൈഫ്) എന്നിവയാണ് ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ.