ഇടുക്കി: നാടിന്റെ പ്രാദേശിക വിഷയങ്ങൾ പ്രത്യേകം പരിഗണിച്ച് പരിഹരിക്കുകയാണ് സർക്കാരിന്റെ പ്രധാന ദൗത്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കയം, പള്ളിക്കവല ഭാഗങ്ങളിൽ നിർമിക്കുന്ന വെന്റഡ് ക്രോസ് ബാറുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടേഴ്സ് ക്വാർട്ടേഴ്സ്, റവന്യു ക്വാർട്ടേഴ്സ്, മെഡിക്കൽ കോളജിൽ കാർഡിയാക് യൂണിറ്റ്, ഇറിഗേഷൻ ടൂറിസം, മൾട്ടിപ്ലക്സ് തിയറ്റർ, നഴ്സിംഗ് കോളജ് തുടങ്ങി വിവിധ പദ്ധതികൾ പൂർത്തിയാക്കി ജില്ലാ ആസ്ഥാനത്ത് ഇടുക്കി ടൗണ്ഷിപ്പ് രൂപീകരിക്കാനാണ് ലക്ഷ്യം. ഭാവിയിൽ വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ഇടുക്കി മുനിസിപ്പാലിറ്റി രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മരിയാപുരം - വാഴത്തോപ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് വെള്ളക്കയം കുതിരക്കല്ല്, പള്ളിക്കവല മഠംപടി ഭാഗങ്ങളിലാണ് 325 മീറ്റർ നീളത്തിൽ വെന്റഡ് ക്രോസ് ബാർ കം കോസ്വേ നിർമിക്കുന്നത്. 5.37 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജലപാതയ്ക്ക് കുറുകെ വെന്റഡ് ക്രോസ് ബാർ നിർമിച്ച് മെച്ചപ്പെട്ട ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവ സുഗമമാക്കുകയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ബോട്ടിംഗ്, കയാക്കിംഗ് എന്നിവ ഉൾപ്പെടുത്തി വിസിബി കം ഫുട് ബ്രിഡ്ജിന്റെ റിസർവോയറിന് ഒരു സുസ്ഥിര ടൂറിസം പദ്ധതിയായി വികസിപ്പിക്കാനുള്ള സാധ്യതയും പരിഗണിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെഐഐഡിസി സിഇഒ എസ്. തിലകൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ആലീസ് വർഗീസ്, നിമ്മി ജയൻ, ഫെനിൽ ജോസ്, മിനി ജേക്കബ്, സാജു പോൾ, വിനോദ് വർഗീസ്, രാജു ജോസഫ്, ഫാ. ജോസഫ് കൊച്ചുകുന്നേൽ, കെ.ജി. തങ്കച്ചൻ, സിസ്റ്റർ ലിറ്റി ഉപ്പുമാക്കൽ എന്നിവർ പ്രസംഗിച്ചു.