തിരുവില്വാമലയിൽ നിളാതീരം
മന്ത്രമുഖരിതമായി
തിരുവില്വാമല: മൺമറഞ്ഞുപോയ ഉറ്റവരെ സ്മരിച്ച് കർക്കടകവാവിൽ ആയിരങ്ങൾ നിളാതീരത്ത് പിതൃതർപ്പണം നടത്തി. പാമ്പാടി ഐവർമഠം ക്ഷേത്രപരിസരത്തെ പുലർച്ചെ മൂന്നിന് പിതൃതർപ്പണചടങ്ങുകൾ ആരംഭിച്ചു. അതിരാവിലെതന്നെ ക്ഷേത്രപരിസരം ഭക്തജനങ്ങളെക്കൊണ്ടു നിറഞ്ഞു. പുഴയിലെ സ്നാനത്തിനുശേഷം ഈറനുടുത്തു പരികർമികൾ ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രാർഥനാപൂർവം നിളയിൽ മുങ്ങിനിവർന്നു. പിതൃക്കൾക്കു മോക്ഷംലഭിക്കാൻ പഞ്ചപാണ്ഡവന്മാർ ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം ഭാരതഖണ്ഡത്തിൽ ബലിതർപ്പണംനടത്തിയെന്നാണ് ഐതിഹ്യം.
ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് നിളയോരത്ത് ഒരുക്കിയിരുന്നത്. വിശ്വാസികൾക്കായി പ്രത്യേകം പന്തൽ നിർമിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക കൗണ്ടറുകളും തുറന്നു.
ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലും വൻ ഭക്തജനതിരക്കായിരുന്നു. നിളാതീരത്ത് ബലിതർപ്പണം കഴിഞ്ഞ് വില്വാദ്രിനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഭക്തർ മടങ്ങിയത്.
ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രം, രമേഷ് കോരപ്പത്ത്, ബ്രാഹ്മണസഭ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഐവർമഠത്തിനു പുറമേ മറ്റു സ്നാനഘട്ടങ്ങളിലും ധാരാളമാളുകൾ ബലിയിടാൻ എത്തി.
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ ബലിതർപ്പണം നടക്കുന്ന കടവിലും പുഴയോരത്തും കനത്ത സുരക്ഷാസംവിധാനങ്ങൾ പോലീസ് ഒരുക്കിയിരുന്നു. സേവാഭാരതിയുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ രാവിലെമുതൽ ചുക്കുകാപ്പി വിതരണം ചെയ്തിരുന്നു.
വാക്കടപ്പുറം പ്രാർഥനാനിർഭരം
ചാവക്കാട്: വേർപ്പെട്ടവരുടെ ഓർമയിൽ വിതുമ്പി വാക്കടപ്പുറം. കർക്കടകവാവിൽ പിതൃബലിതർപ്പണത്തിനായി പഞ്ചവടി കടപ്പുറത്തെത്തിയത് ആയിരങ്ങൾ. കടലോരത്ത് ബലിയിട്ട് മുങ്ങിക്കുളിച്ച് ഈറനുടുത്ത് കരയ്ക്കുകയറുമ്പോഴും ചുണ്ടിലും മനസിലും പ്രാർഥനാമന്ത്രങ്ങൾ മാത്രം. തിലഹവനം, പിതൃസായൂജ്യ പൂജ തുടങ്ങിയവയ്ക്കും വലിയ തിരക്കനുഭവപ്പെട്ടു. പ്രസിദ്ധമായ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വാക്കടപ്പുറത്ത് ഒരുക്കിയ പിതൃബലിതർപ്പണത്തിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രിമുതൽ വിശ്വാസികൾ എത്തിയിരുന്നു.
ഇന്നലെ പുലർച്ചെ രണ്ടര മുതൽ രാവിലെ പത്തു വരെയായിരുന്നു ബലിയിടൽ ചടങ്ങുകൾ.
കടപ്പുറത്ത് പ്രത്യേകം ഒരുക്കിയ യജ്ഞശാലയിലായിരുന്നു ചടങ്ങ്. ഒരേസമയം ആയിരം പേർക്ക് ബലിയിടാനുള്ള പന്തൽ കടപ്പുറത്ത് ഒരുക്കിയിരുന്നു. പതിനായിരത്തിലധികംപേർ ബലിതർപ്പണത്തിന് ശീട്ടാക്കിയിരുന്നു. ബലിയിടാൻ എത്തിയ മുഴുവൻപേർക്കും പ്രഭാതഭക്ഷണം നൽകി.
ക്ഷേത്രം മേൽശാന്തി സുമേഷ് ശർമ, ശാന്തിമാരായ ഷൈൻ , അരുൺ, ലൈവാഷ് തുടങ്ങിയവർ മുഖ്യ കാർമികത്വം വഹിച്ചു. ഭാരവാഹികളായ ദിലീപ് കുമാർ പാലപ്പെട്ടി , കെ.എസ്. ബാലൻ, വാക്കയിൽ വിശ്വനാഥൻ, വാസു തറയിൽ, വിനയ ദാസ് താമരശേരി, ടി.എം. വിക്രമൻ രാജൻ മാസ്റ്റർ, വി.എസ്. സദാനന്ദൻ, എ.സി. ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി.
പോലീസ്, ഫയർ, ആംബുലൻസ്, വോളന്റിയർമാർ തുടങ്ങിയവർ തീരത്ത് സജ്ജമായിരുന്നു.