നാഷണൽ സ്റ്റോക് എക്സ്ചേഞ്ച്
മുംബൈ: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സ്റ്റോക് എക്സ്ചേഞ്ചായി ഇന്ത്യയുടെ നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ).
ഈ വർഷം സെപ്റ്റംബർ അവസാനം പബ്ലിക് ആയി മാറി എൻഎസ്ഇ യുഎസ് ഡോളർ അടിസ്ഥാനത്തിലുള്ള വിപണി മൂല്യത്തിൽ യുഎസ് ആസ്ഥാനമായുള്ള നാസ്ദാക്കിനെയും ഹോംങ്കോംഗ് എക്സ്ചേഞ്ചസ് ആൻ ക്ലിയറിംഗിനെയും (എച്ച്കെഇഎക്സ്) മറികടന്നാണ് അഞ്ചാമത്തെ വലിയ സ്റ്റോക് എക്സ്ചേഞ്ചായി മാറിയത്. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്റ്റോക് എക്സ്ചേഞ്ച് ഓപ്പറേറ്റർമാർക്കിടയിലാണ് ഈ താരതമ്യം.
എൻഎസ്ഇ ഓഹരിവിപണിയിൽ ഇറങ്ങിയശേഷം ഓഹരിവില കുതിച്ചുയർന്നതോടെയാണ് വിപണി മൂല്യം ഉയർന്നത്. എൻഎസ്ഇ ഓഹരികൾ 8 ശതമാനം നേട്ടമുണ്ടാക്കിയ തുടർച്ചയായ മൂന്ന് വ്യാപാര സെഷനുകളിലെ കുതിപ്പിന് പിന്നാലെയാണ് ഈ നേട്ടം. ഈ മുന്നേറ്റത്തോടെ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (5.18 ലക്ഷം കോടി രൂപ), കൊട്ടക് മഹീന്ദ്ര ബാങ്ക് (5.13 ലക്ഷം കോടി രൂപ) എന്നിവയെ മറികടന്ന് വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഒന്‍പതാമത്തെ വലിയ ലിസ്റ്റഡ് കന്പനിയായി എൻഎസ്ഇ മാറി.
നവംബർ 20 വരെയുള്ള വിപണി ക്ലോസിംഗ് കണക്കുകൾ പ്രകാരം, എൻഎസ്ഇയുടെ വിപണി മൂല്യം 5,49,524 കോടി രൂപയായി (59.3 ബില്യണ്‍ ഡോളർ) ഉയർന്നു. വൻകിട കന്പനികളിൽ നിക്ഷേപകർക്ക് വീണ്ടും താത്പര്യം വർധിച്ചതോടെ തിങ്കളാഴ്ചയാണ് എൻഎസ്ഇ അഞ്ചു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. അതേസമയം, നാസ്ദാക്കിന്റെയും ഹോങ്കോംഗ് എക്സ്ചേഞ്ചസ് ആൻഡ് ക്ലിയറിംഗിന്റേയും വിപണി മൂല്യം ഏകദേശം 57.7 ബില്യണ്‍ ഡോളറുമാണ്.
109.6 ബില്യണ്‍ ഡോളർ വിപണിമൂല്യവുമായി ഷിക്കാഗോ ആസ്ഥാനമായുള്ള സിഎംഇ ഗ്രൂപ്പാണ് ആഗോള റാങ്കിംഗിൽ ഒന്നാമത്. 95.5 ബില്യണ്‍ ഡോളർ മൂല്യവുമായി ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിന്റെ മാതൃകന്പനിയായ ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ച് രണ്ടാം സ്ഥാനത്തും. ജർമനിയുടെ ഡോയിച്ചെ ബോർസെ (Deutsche Boerse) 63.7 ബില്യണ്‍ ഡോളറുമായി മൂന്നാമതും 60.1 ബില്യണ്‍ ഡോളറുമായി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് ഗ്രൂപ്പ് നാലാമതുമെത്തി.
ഐപിഒ വിലയേക്കാൾ എൻഎസ്ഇ ഓഹരികൾ ഉയർന്നത് 25 ശതമാനത്തോളം
സെപ്റ്റംബർ 24ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എൻഎസ്ഇ ഓഹരികൾ ഇന്നലെ 1.46 ശതമാനം നേട്ടത്തോടെ 2,220 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഐപിഒ ഇഷ്യൂ വിലയായ 1,785 രൂപയേക്കാൾ 24.5 ശതമാനം കൂടുതലാണ്. ഈ മുന്നേറ്റം എക്സ്ചേഞ്ച് ഓപ്പറേറ്ററുടെ വിപണിമൂല്യം ഏകദേശം 5.5 ലക്ഷം കോടി രൂപയായി ഉയർത്തി. ഐപിഒ വിലയിലുണ്ടായിരുന്ന ഏകദേശം 4.4 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ, രണ്ട് മാസത്തിനുള്ളിൽ ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Tags : NSE Stock exchange World Business BSE