എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയുടെ കൂദാശയിൽ കാർമികത്വം വഹിക്കുന്ന ബിഷപ് മാർ ജോസ് പുളിക്കൽ.
എയ്ഞ്ചൽവാലി: വിശ്വാസികളുടെ ചിരകാല സ്വപ്നമായിരുന്ന എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയുടെ കൂദാശ ദൈവജനത്തിന്റെ കൂട്ടായ്മയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും പ്രകാശനമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. എയ്ഞ്ചൽവാലി പള്ളി കൂദാശകർമമധ്യേ സന്ദേശം നൽകുകയായിരുന്നു ബിഷപ്. ആരാധനക്രമത്തിന്റെ പൂർണതയും മനോഹാരിതയും ഉൾക്കൊണ്ടാണ് പുതിയ പള്ളി നിർമിച്ചിരിക്കുന്നതെന്നും മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു.
797 ദിനങ്ങൾകൊണ്ട് പൂർത്തീകരിച്ച പള്ളി എയ്ഞ്ചൽവാലി ഇടവകയുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും ഉജ്വല സാക്ഷ്യമാണ്. വികാരി ഫാ. തോമസ് തെക്കെമുറിയുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലും പ്രാർഥനയിൽ അധിഷ്ഠിതമായി ഇടവക ജനത്തെ ഒരു കുടുംബമായി ചേർത്തുനിർത്തി കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മഹത്തായ സ്വപ്നം സാക്ഷാത്കരിച്ചത്. ഓരോരുത്തരുടെയും അധ്വാനവും ത്യാഗവും പ്രാർഥനയും ഒത്തുചേർന്നപ്പോൾ 797 ദിനങ്ങൾ അനുഗ്രഹത്തിന്റെ ചരിത്രമായി മാറി. വികാരിയച്ചനോട് ചേർന്ന് കൈക്കാരന്മാരായ മജോ വെച്ചൂപടിഞ്ഞാറേതിൽ, ജോസഫ് പുതിയത്ത്, നിർമാണ കമ്മിറ്റി കൺവീനർ മാത്യു പാറയ്ക്കൽ എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് മന്ത്രിയായിരുന്ന ശ്രീ ഉണ്ണിത്താന് 1948ല്‍ ഭക്ഷ്യോത്പാദനത്തിന് ഗ്രോ മോര് ഫുഡ് സ്കീമില്‍ ഉള്‍പ്പെടുത്തി കര്‍ഷകസംഘങ്ങള്‍ക്കും വിമുക്ത ഭടന്മാര്‍ക്കുമായി കുത്തകപ്പാട്ട വ്യവസ്ഥയില്‍ അനുവദിച്ചതാണ് എയ്ഞ്ചല്‍വാലി ഇടവക ഉള്‍പ്പെടുന്ന പമ്പാവാലി പ്രദേശം.
വിവിധ കാലഘട്ടങ്ങളിൽ തുലാപ്പള്ളി, കണമല, എയ്ഞ്ചല്‍വാലി പള്ളികളിലെ വികാരിമാരുടെയും മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മാത്യു വടക്കേമുറിയുടെയും നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ റോഡും പാലവും നിര്‍മിച്ച് പ്രദേശത്തെ വികസനം ത്വരിതഗതിയിലാക്കാന്‍ പ്രയത്നിച്ചു.
Tags : f Faith by the Hill Nttuvishesham Districtnews