കൊച്ചി ഹൈക്കോടതി ബസ് സ്റ്റോപ്പില്‍ സീബ്രാ ക്രോസിംഗില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നു.
സ്വകാര്യ ബസുകളുടെ അമിതവേഗവും അപകടകരമായ മത്സരയോട്ടവും നിയന്ത്രിക്കാന്‍ കേരള ഹൈക്കോടതി പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കൊച്ചിയിലെ റോഡുകളില്‍ മാറ്റമില്ല. നിയമങ്ങള്‍ കാറ്റില്‍പറത്തി പായുന്ന സ്വകാര്യ ബസുകള്‍ വാഹനയാത്രികരുടെയും കാല്‍നടയാത്രക്കാരുടെയും ജീവനുതന്നെ ഭീഷണിയാകുകയാണ്. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നിയമലംഘനങ്ങള്‍ തുടരുന്നതില്‍ പൊലിസിനും മോട്ടോര്‍ വാഹനവകുപ്പിനുമെതിരേ ജസ്റ്റീസ് ദേവന് രാമചന്ദ്രന് പലതവണ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ മാത്രം പോരെന്നും അവ നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല.
സ്വകാര്യ ബസുകളടക്കം വലിയ വാഹനങ്ങള്‍ നടത്തുന്ന അപകടപ്പാച്ചില്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിർദേശം നല്കിയ സാഹചര്യവും ഉണ്ടായി. ബസുകളുടെ അപകടകരമായ ഡ്രൈവിംഗ് ദൃശ്യങ്ങള്‍ കോടതിക്കു മുന്നിലെത്തിയതോടെയായിരുന്നു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം. നഗരത്തിലെ റോഡുകള്‍ കൊലക്കളങ്ങളായി മാറുകയാണെന്നായിരുന്നു സെപ്റ്റംബര്‍ 10ലെ കോടതിയുടെ നിരീക്ഷണം. സ്വകാര്യ ബസുകള്‍ മറ്റ് വാഹനങ്ങളെ മറികടക്കാന്‍ നടപ്പാത ഉപയോഗിക്കുന്നതും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. പൊലിസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംവിധാനങ്ങള്‍ പൂര്‍ണമായി പരാജയപ്പെടുന്നതിന്റെ സൂചനയാണിതെന്നും വിമര്‍ശിച്ചു.
സ്വകാര്യ ബസുകള്‍ മദയാനകളെപ്പോലെ...
സെപ്റ്റംബര്‍ 25ന് കൊച്ചിയിലെയും കണ്ണൂരിലെയും സ്വകാര്യ ബസുകളുടെ അപകടകരമായ മത്സരയോട്ടത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി കൂടുതല്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത് സ്വകാര്യ ബസുകള്‍ മദയാനകളെപ്പോലെയാണ് നിരത്തിലിറങ്ങുന്നതെന്നായിരുന്നു പരാമര്‍ശം. റോഡുകളില്‍ നിയമവാഴ്ചയില്ലാത്ത അവസ്ഥയാണെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഉറക്കത്തിലാണോയെന്നും കോടതി ചോദിച്ചു.
ഒക്ടോബര്‍ ഒന്‍പതിന് വീണ്ടും സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗ് കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി. സമയക്രമം പാലിക്കാനുണ്ടെന്നത് ഒരാളുടെ ജീവന് അപകടത്തിലാക്കാനുള്ള ന്യായീകരണമാകുമോയെന്നായിരുന്നു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ചോദ്യം. അപകടകരമായ ഡ്രൈവിംഗിനെതിരേ പരാതി ലഭിച്ചാല്‍ മാത്രമാണോ പൊലിസ് നടപടിയെടുക്കുകയെന്നും കോടതി ചോദിച്ചു. കോടതിക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കാനേ കഴിയൂവെന്നും അവ നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്നും ഓര്‍മിപ്പിച്ചു. നിയമം നടപ്പാക്കുമെന്ന് ഡ്രൈവര്‍മാര്‍ക്ക് ഭയമില്ലെങ്കില്‍ നിയമത്തെയും അവര്‍ ഭയക്കില്ലെന്നായിരുന്നു മുന്നറിയിപ്പ്.
നവംബര്‍ ആറിന് കാക്കനാട് സ്വകാര്യ ബസിടിച്ച് 28കാരിയായ അക്ഷര മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി വീണ്ടും രൂക്ഷമായി പ്രതികരിച്ചു. കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാത പോലുമില്ലാത്ത റോഡില്‍ സ്വകാര്യ ബസുകള്‍ അമിതവേഗത്തില്‍ പായുന്നതിന്റെ അപകടം കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവര്‍മാര്‍ നിരത്തിലെ രാജാക്കന്മാരല്ലെന്നും അവര്‍ നിരത്തലെ യമന്മാരായി മാറിയിരിക്കുകയാണെന്നും പരാമര്‍ശിച്ചു. നിയമം കൈയിലെടുക്കുന്ന ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ പൊലിസിന് കഴിയുന്നില്ലെങ്കില്‍ ജനങ്ങള്‍ എവിടേക്ക് പോകുമെന്നും കോടതി ചോദിച്ചു.
ഡ്രൈവറെ അറസ്റ്റ് ചെയ്തെന്ന പൊലിസിന്റെ വിശദീകരണത്തിലും കോടതി തൃപ്തരായില്ല. അപകടമുണ്ടായ ശേഷമുള്ള നടപടിയല്ല പ്രധാനം. അപകടം ഒഴിവാക്കാനുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയുമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ക്യുആര്‍ കോഡ് അധിഷ്ഠിത സ്മാര്‍ട്ട് ഐഡി സംവിധാനം എല്ലാ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശിച്ചു. നടപ്പാതകള്‍ കൈയേറുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും മൂലം കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടക്കേണ്ടിവരുന്ന സാഹചര്യത്തില്‍ കൊച്ചി കോര്‍പറേഷനെയും കോടതി വിമര്‍ശിച്ചു.
താക്കീതുകള്‍ ആവര്‍ത്തിക്കുന്നു, അപകടങ്ങളും
സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗ് സംബന്ധിച്ച് കോടതിയുടെ വിമര്‍ശനങ്ങള്‍ ഒരിക്കല്‍ മാത്രമുണ്ടായതല്ല. തുടര്‍ച്ചയായ ഹര്‍ജി പരിഗണനകളിലും അപകടങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും അധികൃതരുടെ വീഴ്ച കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവനുകള്‍ പൊലിയുകയും ചെയ്യുന്നു. ഓരോ അപകടത്തിനുശേഷവുംഡ്രൈവര്ക്കെതിരേ കേസെടുക്കുന്നതും പരിശോധന നടത്തുന്നതും മാത്രമായി നടപടികള്‍ ഒതുങ്ങിയാല്‍ റോഡുകളിലെ ഭീതി മാറില്ല.കോടതിയുടെ ആവര്‍ത്തിച്ചുള്ള താക്കീതുകള്‍ക്കു ശേഷവും സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ തുടരുന്നത് നിയമനിര്‍വഹണ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തുകയാണ്.
(അവസാനിച്ചു)
Tags : Deadly Speeds on the Roads Nattuvishesham DistrictNews