ആറളം ഫാം ബ്ലോക്ക് പതിമൂന്നിൽ മോഴയാനയെ പിടികൂടി കൊണ്ടുപോകുന്നതിനായി കുത്തിയിളക്കിയ റോഡ് പുനഃസ്ഥാപിക്കാതെ ഉപേക്ഷിച്ച നിലയിൽ.
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടി കൊണ്ടുപോകുന്നതിനായി ജെസിബി ഉപയോഗിച്ച് കുത്തിയിളക്കിയ റോഡ് രണ്ടുമാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തം. ആറളം ഫാമിലെ ബ്ലോക്ക് 13-ൽ താമസിക്കുന്ന മൂന്നു കുടുംബങ്ങളാണ് റോഡ് തകർന്നതോടെ യാത്രാദുരിതത്തിലായത്. ഓട്ടോറിക്ഷ പോലും കടന്നുചെല്ലാൻ കഴിയാത്ത അവസ്ഥയിലാണ് റോഡ്. രണ്ടിലേറെപേരുടെ സഹായമുണ്ടെങ്കിൽ മാത്രമേ ഇരുചക്രവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാകൂ. വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ സ്കൂളിലെത്താൻ ആശ്രയിക്കുന്ന ഏക വഴിയാണിത്.
മോഴയാനയെ പിടികൂടി കൊണ്ടുപോകുന്നതിനായി റോഡിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കിയിരുന്നു. എന്നാൽ ദൗത്യം പൂർത്തിയാക്കി ആനയെ കൊണ്ടുപോയതോടെ റോഡ് പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്വം വനംവകുപ്പ് മറന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആനയെ കൊണ്ടുപോയ ദിവസവും തുടർന്നും പെയ്ത മഴയിൽ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു.ആശുപത്രി ആവശ്യങ്ങൾ ഉൾപ്പടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾ വീട്ടുപടിക്കൽ എത്താത്തത് കുടുംബങ്ങളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.
മോഴയാനയെ പിടികൂടിയെങ്കിലും മറ്റ് ആനക്കൂട്ടങ്ങൾ പുനരധിവാസ മേഖലയിൽ സ്ഥിരമായി എത്തുന്നത് പ്രദേശവാസികളുടെ ഭീതി വർധിപ്പിക്കുന്നു. ഇതിനിടെയാണ് വീടുകളിലേക്കുള്ള ഏക വഴിയും തകർത്ത നിലയിൽ ഉപേക്ഷിച്ചിരിക്കുന്നത്.
രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലാത്തതും ആദിവാസി കുടുംബങ്ങളുടെ യാത്രാദുരിതം വർധിപ്പിക്കുന്നു. തകർന്ന റോഡ് അടിയന്തരമായി പുനഃസ്ഥാപിച്ച് ഗതാഗതയോഗ്യമാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
Tags : Road dug up to capture a stray Nattuvishesham DistrictNews