മാനന്തവാടി- പേരാവൂർ- ശിവപുരം- മട്ടന്നൂർ എയർപോർട്ട് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയ
മട്ടന്നൂർ: മാനന്തവാടി- ബോയ്സ് ടൗൺ- ശിവപുരം -മട്ടന്നൂർ എയർപോർട്ട് റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വി.കെ. സനോജ് എംഎൽഎ. ഇതുസംബന്ധിച്ചു വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സ്ഥലമുടമകളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി ഏറ്റെടുക്കൽ നടപടിക്ക് 964.72 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
മാനന്തവാടിയിൽ നിന്നു മട്ടന്നൂരിലേക്ക് 59 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിക്കുന്നത്. അമ്പായത്തോട് -പേരാവൂർ -ശിവപുരം വഴി മട്ടന്നൂരിലേക്ക് 40 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് വികസിപ്പിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികളും സർവേ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വെള്ളാർവള്ളി മുതൽ മട്ടന്നൂർ വരെയാണ് മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ആകെ 1783 കോടി രൂപയ്ക്കുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടാണ് കിഫ്ബിയിൽ സമർപ്പിച്ചിട്ടുള്ളത്. 85 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. നവംബർ ആറിന് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കോളയാട്, കേളകം പഞ്ചായത്തുകളുടെ സബ് ഡിവിഷൻ കഴിഞ്ഞു. തോലമ്പ്ര വില്ലേജിൽ സബ് ഡിവിഷൻ പ്രവൃത്തികൾ നടന്നുവരികയാണ്.
കാലപ്പഴക്കം കണക്കാക്കാതെ വീടും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പുനരധിവാസ പാക്കേജ് ഉണ്ടാക്കണമെന്ന് സ്ഥലമുടമകൾ ആവശ്യപ്പെട്ടു. മട്ടന്നൂർ കനാലിന്റെ ഭാഗത്തുള്ള കുറച്ചു വീടുകൾ അലൈൻമെന്റ് അൽപം മാറ്റിയാൽ സംരക്ഷിക്കാൻ കഴിയുമെന്നും വീടിന്റെയും കെട്ടിടത്തിന്റെയും ഒരു ഭാഗം പോകുന്ന സാഹചര്യത്തിൽ അത് മുഴുവനായി ഏറ്റെടുക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. വിവിധ ആവശ്യങ്ങളും ഉടമകളും നാട്ടുകാരും ഉന്നയിച്ചു.
വരുന്ന നിയമസഭാ സമ്മേളന കാലത്ത് റവന്യു മന്ത്രിയുമായി സംസാരിച്ചു കൂടുതൽ സർവേയർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വി.കെ. സനോജ് എംഎൽഎ പറഞ്ഞു. മാനന്തവാടി, പേരാവൂർ എംഎൽഎ മാരുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ സർവേ നടപടികൾ വേഗത്തിലാക്കുന്നതിനും യോഗം വിളിക്കുന്നതിനും ആവശ്യപ്പെടുമെന്നും എംഎൽഎ യോഗത്തെ അറിയിച്ചു.
മാലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു, മട്ടന്നൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. അനിത, കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. സജിത്ത്, എൽഎ സ്പെഷ്യൽ തഹസിൽദാർ സോഫിയ ജയിൻ, ഡപ്യൂട്ടി തഹസിൽദാർമാരായ കെ. ബാബു, പി.പി. ഷലീഷ്, കെ.ടി. ചന്ദ്രൻ, ജനപ്രതിനിധികൾ, കെആർഎഫ്ബി എൻജിനിയർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.