നെല്ലിക്കുറ്റി-കൂവച്ചി-വണ്ണായിക്കടവ് റോഡ് തകർന്ന നിലയിൽ.
പൈസക്കരി: ഏരുവേശി, പയ്യാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിക്കുറ്റി-കൂവച്ചി-വണ്ണായിക്കടവ് റോഡ് നവീകരണത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിന് വർഷങ്ങളായിട്ടും പരിഹാരമില്ല. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ ചിലഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നതല്ലാതെ റീ ടാറിംഗ് ഉൾപ്പെടെയുള്ളവ നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പൊട്ടിത്തകർന്നുകിടക്കുന്ന റോഡിലൂടെ കാൽനടയാത്ര പോലും ദുസഹമാണ്.
ചന്ദനക്കാംപാറ, പൈസക്കരി, കുന്നത്തൂർ, കാഞ്ഞിരക്കൊല്ലി, ഉളിക്കൽ, പയ്യാവൂർ, ഇരിട്ടി ഭാഗത്തുള്ളവർ ആലക്കോട്, ചെന്പേരി, ചെറുപുഴ ഭാഗത്തേക്ക് പോകാൻ ആശ്രയിക്കുന്ന പ്രധാന പാത കൂടിയാണിത്. കുന്നത്തൂർപാടി ഉത്സവം തുടങ്ങിയാൽ പാടിയിലേക്കും കാഞ്ഞിരക്കൊല്ലിയിലേക്കും ചെറുപുഴ മുതൽ വാഹനങ്ങൾ കടന്നുവരുന്ന വഴിയും കൂടിയാണിത്. നെല്ലിക്കുറ്റി മുതൽ കൂവച്ചി വരെ ഏരുവേശി പഞ്ചായത്തിന്റെ ഭാഗവും ബാക്കിയുള്ളത് പയ്യാവൂർ പഞ്ചായത്ത് പരിധിയിലുമാണ്.
മെറ്റൽ ഇളകിയിരിക്കുന്ന റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്പോൾ കരിങ്കൽ ചീളുകൾ തെറിച്ച് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവാണ്. യാത്രാദുരിത പരിഹരിക്കാൻ ടാറിംഗ് എങ്കിലും നടത്തണമെന്നാണ് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ടാറിംഗിനായി ഓരോ തവണയും ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും പണി മാത്രം നടക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. തകർന്ന റോഡിലെ ഏരുവേശി പഞ്ചയത്തിന്റെ ഭാഗം അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്തെങ്കിലും തയാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags : road awaits authorities' intervention for repairs Nattuvishesham DistrictNews