കല്ലൂർക്കാട് ടൗണിലെ വ്യാപാരശാലകൾക്കു മുമ്പിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു
കല്ലൂർക്കാട്: രണ്ടു മാസം മുമ്പ് പൊടിശല്യം കൊണ്ട് രൂക്ഷമായിരുന്ന കല്ലൂർക്കാട് ടൗൺ പരിസരം ഇപ്പോൾ ചെളിമയം. കുടിവെള്ള പൈപ്പ് തുടർച്ചയായി പൊട്ടുന്നതാണ് ടൗണിൽ വ്യാപാരികൾക്കും യാത്രക്കാർക്കും ശല്യമാകുന്നത്. യൂണിയൻ ബാങ്കിനു സമീപം പൈപ്പ് പൊട്ടി വെള്ളമൊഴുകി പ്രദേശമാകെ ചെളിക്കുളമായി.
രണ്ടു മാസം മുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡരികിൽ കുഴിയെടുത്തിരുന്നു.
പൈപ്പ് സ്ഥാപിച്ച് കുഴി മൂടിയെങ്കിലും വഴിയരികിൽ ടാറിംഗ് നടത്തിയിരുന്നില്ല. ഇവിടെയുള്ള പഴയ പൈപ്പുകൾ തുടർച്ചയായി പല പ്രദേശങ്ങളിൽ പൊട്ടുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിലെ ടാറിംഗ് നടത്താത്ത പ്രദേശത്ത് വെള്ളമൊഴുകിയെത്തുന്നത് സ്ഥാപനങ്ങളിലെത്തുന്നവർക്കും ദുരിതമാകുന്നു. അടിയന്തരമായി അറ്റകുറ്റപ്പണികൾ തീർക്കുകയോ പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ജലവിതരണം ആരംഭിക്കുകയോ ചെയ്യണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. വ്യാപാരശാലകൾക്ക് ദുരിതമാകുന്ന പൊടി, ചെളി ശല്യം നീക്കുന്നതിന് വഴിയോരം ടാറിംഗ് നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Tags : Kalloorkkad town Nattuvishesham DistrictNews