കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ നിര്‍ദേശപ്രകാരം ട്രേഡിംഗില്‍ പണം നിക്ഷേപിച്ച ഡോക്ടര്‍ക്ക് നഷ്ടമായത് 1.57 കോടി രൂപ. സംഭവത്തില്‍ കളമശേരി പൊലിസ് കേസെടുത്തു.
ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ് വഴിയാണ് 47കാരനായ ഡോക്ടര്‍ പാലക്കാട്ടുകാരിയായ ഗൗതമി നായര്‍ എന്ന യുവതിയെ പരിചയപ്പെട്ടത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ കമ്പനിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി വ്യാജ പ്ലാറ്റ്ഫോം പരിചയപ്പെടുത്തുകയായിരുന്നു. ഇതില്‍ നിക്ഷേപിച്ചാല്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ അമിത ലാഭം നേടാമെന്നും വിശ്വസിപ്പിച്ചു.
2025 ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. പല തവണകളായി പരാതിക്കാരന്റെ ഇടപ്പള്ളിയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഭാര്യയുടെ രവിപുരത്തെ ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ നിന്നും യുവതി ആവശ്യപ്പെട്ട പ്രകാരം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു നല്കി. ഇത്തരത്തില്‍ 1.57 കോടി രൂപയാണ് ഡോക്ടര്‍ യുവതിക്ക് കൈമാറിയത്. ഇതു മുഴുവന്‍ നഷ്ടമായി.
വേറെയും കേസുകൾ
ഇതിനു പുറമേ മൂന്ന് സൈബര്‍ തട്ടിപ്പ് കേസുകളും ഒരു ദിവസത്തിനിടെ കൊച്ചി സിറ്റി പൊലിസിന് മുന്നിലെത്തി. സ്വകാര്യ ബാങ്കിലെ കസ്റ്റമര്‍ കെയര്‍ ജീവനക്കാരനെന്ന വ്യാജേനയാണ് 57കാരനെ തട്ടിപ്പുകാര്‍ ഫോണില്‍ ബന്ധപ്പെട്ടത്. ക്രെഡിറ്റ് കാര്‍ഡ് അപ്ഗ്രേഡ് ചെയ്യാനെന്ന പേരില്‍ വിശ്വാസത്തിലെടുത്ത ശേഷം വാട്സ്ആപ്പിലേക്ക് ലിങ്ക് അയച്ചുനല്‍കി. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ മൊബൈല്‍ ഫോണ്‍ ഹാങ്ങായി. ഈ സമയം പ്രതികള്‍ ഇയാളുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 2,56,276 രൂപ കൈക്കലാക്കി. സംഭവത്തില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലിസ് കേസെടുത്തു.
ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് 36കാരനെ കബളിപ്പിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന വ്യാജേന വിളിച്ച പ്രതികള്‍ ഒടിപി വഴിയാണ് തട്ടിപ്പ് നടത്തിയത്. 90,000 രൂപയാണ് യുവാവിന് നഷ്ടമായത്.
സുഹൃത്തിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് സന്ദേശമയച്ചാണ് 54കാരിയില്‍ നിന്ന് 55,000 രൂപ തട്ടിയത്. അത്യാവശ്യമായി 55,000 രൂപ വേണമെന്നായിരുന്നു ആവശ്യം. ഫോണില്‍ വിളിച്ചെങ്കിലും കട്ട് ചെയ്ത ശേഷം പിന്നീട് വിവരങ്ങള്‍ പറയാമെന്ന് മെസേജ് അയച്ചു. സംശയം തോന്നാതിരുന്ന 54കാരി പണം കൈമാറുകയായിരുന്നു.
Tags : Widespread cyber Nattuvishesham DistrictNews