അയ്യപ്പഭക്തർക്കായി കുമളി റോഡ് വശത്ത് പാർക്കിംഗും മറ്റ് സൗകര്യവും ക്രമീകരിക്കുന്നു.
കുമളി: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിനു മുന്നോടിയായി കുമളിയിലെത്തുന്ന അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിനും വാഹന പാർക്കിംഗിനുമായി വിപുലമായ ക്രമീകരണങ്ങളുമായി കുമളി പഞ്ചായത്ത്. തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കുമളിയിൽ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി കുമളി-കോട്ടയം റോഡിൽ എംഎംജെ പ്ലാന്റേഷൻ കൈവശംവച്ചിരുന്ന റവന്യൂ ഭൂമിയാണ് പഞ്ചായത്ത് ഏറ്റെടുത്ത് ഗ്രൗണ്ട് നിർമാണം ആരംഭിച്ചത്.
തമിഴ്നാട്ടിൽനിന്നും മറ്റ് ഇതര സംസ്ഥാനങ്ങളിൽനിന്നും കുമളി വഴി കടന്നുപോകുന്ന തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധന കഴിഞ്ഞ വർഷങ്ങളിലുണ്ടായിരുന്നു. മുൻകാലങ്ങളിൽ നേരിട്ടിരുന്ന കടുത്ത പാർക്കിംഗ് പ്രതിസന്ധിയും ടൗണിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും പൂർണമായി പരിഹരിക്കാൻ ഭൂമി ഏറ്റെടുക്കലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ ഗ്രൗണ്ടിന്റെ പണികൾ പുരോഗമിക്കുകയാണ്.
കുമളി ടൗണിലെ തിരക്ക് പൂർണമായും ഒഴിവാക്കുന്നതിനായി വിപുലമായ പാർക്കിംഗ് പ്ലാനാണ് ഇത്തവണ പഞ്ചായത്ത് തയാറാക്കിയിരിക്കുന്നത്.എംഎംജെ പ്ലാന്റേഷന് മുന്നിൽ ഒരുങ്ങുന്ന പുതിയ ഗ്രൗണ്ടിന് പുറമെ, കുമളിയിലെ പ്രധാന പാർക്കിംഗ് കേന്ദ്രമായ കല്ലറയ്ക്കൽ ഗ്രൗണ്ടും കുമളി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടും തീർഥാടകരുടെ വാഹനങ്ങൾക്കായി സജ്ജമാക്കും.വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും പ്രത്യേകം കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
തീർഥാടന കാലയളവിൽ വാഹനം റോഡരികിൽ പാർക്ക് ചെയ്യുന്നത് പൂർണമായി നിരോധിക്കും. ഭക്തരെ ഇറക്കിയ ശേഷം വാഹനങ്ങൾ നിശ്ചിത പാർക്കിംഗ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന രീതിയിലായിരിക്കും ക്രമീകരണം. ഭക്തർക്ക് വിശ്മിക്കുന്നതിനായി വിരിപ്പന്തലുകളും ഇവിടെ ഉയരും.
കുടിവെള്ള വിതരണം, താൽക്കാലിക ശുചിമുറികൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിൽ പഞ്ചായത്ത് ഉറപ്പാക്കും.
Tags : sabarimala parking sabarimala NattuVishesham DistrictNews