പ്രതീകാത്മക ചിത്രം
ആലപ്പുഴ: മൂന്നാമത് ജോൺസ് അംബ്രല - കരിക്കംപള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നാളെ ആരംഭിക്കും. വൈഎംസിഎയിൽ വൈകിട്ട് അഞ്ചിന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. വൈഎംസിഎ പ്രസിഡന്റ് മൈക്കിൾ മത്തായി അധ്യക്ഷത വഹിക്കും.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കുര്യൻ ജയിംസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സ്പോർട്സ് കമ്മിറ്റി ഡയറക്ടർമാരായ ജോൺ ജോർജ്, സുനിൽ മാത്യു ഏബ്രഹാം, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള, എഡിബിഎ പ്രസിഡന്റ് റോണി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
പെൺകുട്ടികളിലെ വിജയികൾക്ക് ജോസഫ് അലക്സ് ആൻഡ് അക്കാമ്മ അലക്സ് തേവർകാട് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ആൺകുട്ടികളിലെ റണ്ണർ അപ്പിന് ആൽഫ ജീനിയസ് എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും.
പതറാത്ത ചുവടുകൾ, കുതിച്ചുയരുന്ന സ്വപ്നങ്ങൾ എന്ന ആപ്തവാക്യത്തോടെയുള്ള ത്രിദിന ടൂർണമെന്റിൽ കേരളത്തിലെ മികച്ച 18 ടീമുകൾ പങ്കെടുക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ്, പത്തനാപുരം സെന്റ് സ്റ്റീഫൻസ്, ആലപ്പുഴ ലിയോ തേർടീന്ത്, കോട്ടയം ഗിരിദീപം ബഥനി, തിരുവനന്തപുരം സെന്റ് ജോസഫ്സ്, കോഴിക്കോട് സിൽവർ ഹിൽസ്, പുളിങ്കുന്ന് സെന്റ് ജോസഫ്സ്, ആലപ്പുഴ ജ്യോതി നികേതൻ, കളമശേരി രാജഗിരി, കുന്നംകുളം ഗവൺമെന്റ് സ്പോർട്സ് ഡിവിഷൻ എന്നീ ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസ്, തിരുവനന്തപുരം സെന്റ് ഗോരെത്തീസ്, പത്തനാപുരം മൗണ്ട് താബോർ, എറണാകുളം സെന്റ് തെരേസാസ്, കൊരട്ടി ലിറ്റിൽ ഫ്ലവർ, ആലപ്പുഴ ജ്യോതി നികേതൻ, കോഴിക്കോട് സിൽവർ ഹിൽസ്, കോട്ടയം മൗണ്ട് കാർമൽ എന്നീ ടീമുകളും പങ്കെടുക്കും.