പ്രതീകാത്മക ചിത്രം
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. പറമ്പിൽക്കടവ് കിഴക്കുമുറി സ്വദേശി എടക്കണ്ടി സഫദിനെയാണ് (43) ചേവായൂർ പൊലിസ് അറസ്റ്റ് ചെയ്തത്. ചേവായൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 11 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിനിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനായി രക്ഷിതാവ് ചുമതലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ ഓട്ടോയിൽവച്ച് പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് വിദ്യാർഥിനി അധ്യാപികയോട് തന്നെ ഉപദ്രവിച്ച വിവരം പറയുകയും വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ കിഴക്കുമുറിയിൽ വച്ച് പിടികൂടുകയുമായിരുന്നു. സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ചാക്കോ, അസി. സബ് ഇൻസ്പെക്ടർ ദീപക്, സിവിൽ പൊലിസ് ഓഫിസർ പ്രശോഭ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.