മൈലാട്ടിയിൽ നിർമാണം നടക്കുന്ന 125 മെഗാവാട്ട് ശേഷിയുള്ള ബെസ് വൈദ്യുതിനിലയം.
പൊയിനാച്ചി: ബാറ്ററിക്ക് ക്ഷാമമുണ്ടാവുകയും വില കൂടുകയും ചെയ്തതോടെ മൈലാട്ടിയിലെ ബെസ് വൈദ്യുതിനിലയത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ.
പ്രതിദിനം അഞ്ചുലക്ഷം യൂണിറ്റ് വൈദ്യുതി സംഭരിക്കാൻ കഴിയുന്ന 108 ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) യൂണിറ്റുകളാണ് ഇവിടെ ആവശ്യമുള്ളത്. ഇവ ചൈനയിൽനിന്ന് എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇവയ്ക്ക് വില കൂടിയതോടെ ചൈനയിൽനിന്ന് ബാറ്ററി എത്തിക്കാൻ കരാർ എടുത്തവർ പിന്നോക്കം പോയതാണ് പദ്ധതിക്ക് തിരിച്ചടിയായത്.
മണിക്കൂറിൽ 125 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ശേഷിയുള്ള മൈലാട്ടിയിലെ ബെസ് നിലയം സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ ബെസ് നിലയങ്ങളിലൊന്നായാണ് വിഭാവനം ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറോടെ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്. മറ്റെല്ലാ നിർമാണപ്രവൃത്തികളും പൂർത്തിയായെങ്കിലും നേരത്തേ നിശ്ചയിച്ചിരുന്ന വിലയ്ക്ക് ബാറ്ററി കിട്ടാതെ വന്നതാണ് പ്രശ്നമായത്.
പകൽസമയത്ത് കൂടുതലായി ഉത്പാദിപ്പിക്കാൻ കഴിയുന്ന സൗരോർജവൈദ്യുതി ബാറ്ററികളിൽ സംഭരിച്ച് രാത്രികാലത്തെ പീക്ക് സമയങ്ങളിൽ ഉപയോഗിക്കുന്നതിനായി ലഭ്യമാക്കുകയാണ് ബെസ് നിലയങ്ങളുടെ പ്രവർത്തനം. സംസ്ഥാനത്ത് നിർമാണം തുടങ്ങിയ ബെസ് നിലയങ്ങളിൽ 15 മെഗാവാട്ട് ശേഷിയുള്ള മുള്ളേരിയയിലെ നിലയം മാത്രമാണ് ഇതുവരെ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇവിടേക്ക് ആവശ്യമായ കുറഞ്ഞ എണ്ണം ബാറ്ററികൾ ക്ഷാമവും വിലക്കയറ്റവും വരുന്നതിനുമുമ്പേ ലഭ്യമാക്കാൻ കഴിഞ്ഞിരുന്നു.
തുടർച്ചയായി നാലു മണിക്കൂർ വരെയാണ് ബെസ് നിലയങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കാൻ കഴിയുക. ഇത്തരത്തിൽ മുള്ളേരിയയിലെ നിലയത്തിൽ നിന്ന് രാത്രികാലങ്ങളിൽ 60 മെഗാവാട്ട് വരെ വൈദ്യുതി സമീപപ്രദേശങ്ങളിലെ കെഎസ്ഇബിയുടെ വിതരണ സംവിധാനത്തിലേക്ക് ലഭ്യമാക്കാൻ കഴിയുന്നുണ്ട്. മൈലാട്ടിയിലെ നിലയം പൂർത്തിയായിരുന്നെങ്കിൽ 500 മെഗാവാട്ട് വൈദ്യുതിയാണ് ഇത്തരത്തിൽ ജില്ലയിലുടനീളമുള്ള വിതരണ സംവിധാനങ്ങളിലേക്ക് ലഭ്യമാക്കാൻ കഴിയുമായിരുന്നത്.
കരാർ വ്യവസ്ഥകൾ പ്രകാരം ഒരു യൂണിറ്റിന് 4.61 രൂപ എന്ന നിരക്കിലാണ് ബെസ് നിലയങ്ങളിൽ നിന്ന് കെഎസ്ഇബിക്ക് വൈദ്യുതി ലഭ്യമാക്കുക. യൂണിറ്റിന് 10 രൂപ വരെ നൽകിയാണ് ഇപ്പോൾ പീക്ക് സമയങ്ങളിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്. ബെസ് നിലയത്തിന്റെ നിർമാണം പൂർത്തിയാകാൻ വൈകുന്നതോടെ ഇത്തരത്തിൽ കോടികളുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാവുക. വേനൽ ശക്തിപ്രാപിക്കുമ്പോഴും ബെസ് നിലയം പൂർത്തിയായില്ലെങ്കിൽ വൈദ്യുതിക്ഷാമവും നഷ്ടവും ഇതിലേറെയാകും.
ചൈനയിൽനിന്ന് ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യത്തുതന്നെ ഉത്പാദിപ്പിക്കുന്ന ബാറ്ററികൾ പദ്ധതിക്കായി എത്തിക്കാനും ആലോചനകൾ നടക്കുന്നുണ്ട്. എന്നാൽ ഇവയുടെ വില കൂടുതലായതിനാൽ നിർമാണച്ചെലവ് ഗണ്യമായി കൂടുമെന്നതാണ് കരാർ കമ്പനികൾ നേരിടുന്ന പ്രശ്നം. അതേസമയം ചൈനീസ് ബാറ്ററികളേക്കാൾ പ്രവർത്തനക്ഷമത നമ്മുടെ ബാറ്ററികൾക്കുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനനുസരിച്ച് നിർമാണച്ചെലവിലും വൈദ്യുതി വിലയിലും ചെറിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറായാൽ ഇന്ത്യൻ ബാറ്ററികൾ തന്നെ ഉപയോഗിച്ച് പദ്ധതി പെട്ടെന്ന് പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു.