പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വീടുകയറി അമ്മയെയും മകനെയും മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്നു പ്രതികൾക്ക് അഞ്ചുവർഷം കഠിനതടവും 40,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പനങ്ങ അജയൻ (35), പനങ്ങ രാജേഷ് (36), ജിനു ജോയ് (26) എന്നിവരെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി മറിയം സലോമി ശിക്ഷിച്ചത്. പിഴയൊടുക്കാത്തപക്ഷം പ്രതികൾ ഒന്പതുമാസം അധികതടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്നു പരിക്കേറ്റവർക്കു നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2015-ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ മകന്റെ തലയ്ക്കും കാലിനും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും അക്രമം തടയാനെത്തിയ അമ്മയുടെ പല്ലുകൾ അടിച്ചുകൊഴിക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്.
പ്രതികളായ പനങ്ങ അജയനും പനങ്ങ രാജേഷും സിറ്റി പൊലിസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രാധാകൃഷ്ണൻ നായർ, അഡ്വ. പ്രകാശ് പി. കുറുപ്പ് എന്നിവർ ഹാജരായി.
Tags :