അഞ്ചല്‍ : അഞ്ചലില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി കുറ്റക്കാരന്‍ എന്നു കണ്ടെത്തിയ കോടതി കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.
അഞ്ചല്‍ ചൂരക്കുളം ചരുവിള പുത്തന്‍ വീട്ടില്‍ കെ.ജി. രാകേഷിനെയാണ് പുനലൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടെല്ലസ് ശിക്ഷിച്ചത്. 2025 നവംബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചല്‍ ചന്തമുക്കില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ പ്രതി രാകേഷ് കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലിസ് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നത്തെ അഞ്ചല്‍ എസ്എച്ച്ഒ എം. മോനിഷിനന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
10മാസ കാലയളവിലാണ് പുനലൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രതിക്ക് ശിക്ഷ വിധിച്ചത്.
വധശ്രമത്തിന് നാലു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും പിഴ ഒടുക്കിയില്ലങ്കില്‍ പ്രതി മൂന്നുമാസം കൂടി അധിക തടവും അനുഭവിക്കണമെന്നാണ് വിധിച്ചത്.
കൂടാതെ അശ്ലീലമായി പേരുമാറിയത്തിന് ഒരുമാസം തടവും, തടഞ്ഞുവച്ചതിന് 15 ദിവസത്തെ തടവും, മനപൂര്‍വം മുറിവേല്‍പ്പിച്ചതിന് ആറു മാസത്തെ തടവും പ്രതി അനുഭവിക്കണം.
കൂടാതെ മൂന്നുവകുപ്പുകളിലായി 1700 രൂപ പിഴയും പ്രതി ഒടുക്കണം എന്ന് വ്യക്തമാക്കിയ കോടതി തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വ്യക്തമാക്കി. പിഴയായി ലഭിക്കുന്ന 11,700 രൂപ പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രതിയായ രാകേഷിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ്. ബിനു ഹാജരായി.
Tags : Nattuvishesham, Districtnews Nattuvishesham Districtnews