കല്ലുംകടവില്‍ കാട് മൂടി അടഞ്ഞ് കിടക്കുന്ന പഞ്ചായത്തുവക പൊതുശൗചാലയം.
കൊല്ലം: പത്തനാപുരം കല്ലുംകടവ് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയം കാടുമൂടികിടക്കുന്നത് ശബരിമല തീര്‍ഥാടകരെ ദുരിതത്തിലാക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം ധാരാളം ശബരിമല തീര്‍ഥാടകര്‍ കടന്നുപോകുന്ന പ്രധാന പാതയോരത്താണ് ടോയ്ലറ്റ് ഈ സ്ഥിതിയില്‍ കിടക്കുന്നത്.
ശബരിമല സീസണില്‍ വര്‍ഷംതോറും ഇടത്താവളം ഒരുക്കുന്നതും കല്ലുംകടവിലാണ്. തോട്ടിലേക്കിറങ്ങി കുളിക്കുന്നനായി പടികള്‍ കെട്ടി സൗകര്യമൊരുക്കുമെന്ന അധികൃതരുടെ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല.
ടോയ്ലറ്റ് മാസങ്ങളായി കാടുമൂടി പൂട്ടിയിട്ടിരിക്കുകയാണ്. മാത്രമല്ല ഇതിന്റെ പരിസരം കാടുമൂടി കിടക്കുകയാണ്.ടോയ്ലറ്റും പരിസരവും ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും പ്രധാന താവളമായി മാറിയിരിക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ശബരിമല തീര്‍ഥാടന സീസണിന് മുമ്പെങ്കിലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.