ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ സ്പോര്‍ട്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മികച്ച നേട്ടം.
2022, 2023, 2024 വര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. വ്യത്യസ്ത വിഭാഗങ്ങളില്‍ മൂന്ന് അവാര്‍ഡുകള്‍ നേടി ക്രൈസ്റ്റ് കോളജ് ശ്രദ്ധേയമായി. 2022 ലെ മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജ് ആയി ഇരിങ്ങാലക്കുട ക്രൈസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഏറ്റവും മികച്ച സ്പോര്‍ട്സ് ഹോസ്റ്റല്‍ താരമായി ക്രൈസ്റ്റ് കോളജിന്റെ അത്ലറ്റിക് താരം വി.എസ് സെബാസ്റ്റ്യനും 2024ലെ മികച്ച സ്പോര്‍ട്സ് ഹോസ്റ്റല്‍ താരമായി ക്രൈസ്റ്റ് കോളജിന്റെ നെറ്റ് ബോള്‍ താരം അമല്‍ ജീവാനും തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനു മുന്‍പ് 2018 ല്‍ ക്രൈസ്റ്റ് കോളേജിന് മികച്ച കായിക കോളജിലുള്ള പുരസ്കാരം ലഭിച്ചിരുന്നു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പിലിനു മികച്ച സ്പോര്‍ട്സ് അധ്യാപകനുള്ള ജി.വി രാജ അവാര്‍ഡ് ലഭിച്ചിരുന്നു. ഒട്ടേറെ ദേശീയഅന്തര്‍ദേശീയ താരങ്ങളെ വാര്‍ത്തെടുത്തിട്ടുള്ള ക്രൈസ്റ്റ് കോളജ് തുടര്‍ച്ചയായി ഒന്‍പത് വര്‍ഷമായി കാലിക്കട്ട് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാണ്.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അഞ്ച് ടീമുകള്‍ അടക്കം ബാസ്ക്കറ്റ് ബോള്‍, നെറ്റ് ബോള്‍, ഫുട്ബോള്‍, അത്ലറ്റിക്സ്, വോളിബോള്‍, ഹോക്കി, ഖോഖോ തുടങ്ങി അന്‍പതോളം ടീമുകള്‍ ക്രൈസ്റ്റ് കോളജില്‍ ഉണ്ട്. മികച്ച കായിക പരിശീലകരുടെ സാന്നിധ്യവും ചിട്ടയായ പരിശീലനവും ക്രൈസ്റ്റിന്റെ നേട്ടങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ മികച്ച സൗകര്യങ്ങള്‍ ഒരുക്കി കോളേജ് മാനേജ്മെന്റിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും കോളേജിന്റെ കായിക നേട്ടത്തിന് പിറകിലുണ്ട്.