കൈകാട്ടി- ഊത്തുകുഴി റോഡിന്റെ ഇരുവശങ്ങളിലെയും അരികുകൾ തകർന്ന നിലയിൽ.
നെല്ലിയാമ്പതി: കൈകാട്ടി ജംഗ്ഷൻ മുതൽ ഊത്തുക്കുഴി വരെയുള്ള 4.1 കിലോമീറ്റർ ദൈർഘ്യമുള്ള പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലും അരികുകൾ തകർന്നതിനെ തുടർന്ന് വാഹനയാത്ര ദുരിതത്തിൽ.
എതിർദിശയിൽനിന്ന് വാഹനങ്ങൾ എത്തുമ്പോൾ സൈഡ് കൊടുക്കുന്നതിനിടെ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതായും ചെറിയ വാഹനങ്ങളുടെ അടിഭാഗം തട്ടി കേടുപാടുകൾ സംഭവിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. പ്രശ്നം സംബന്ധിച്ച് നെന്മാറ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയറെ നാട്ടുകാരും പൊതുപ്രവർത്തകരും ബന്ധപ്പെട്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
തകർന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കാൻ സർക്കാർ അനുമതി ലഭിക്കുന്നതിനായി റിപ്പോർട്ട് സമർപ്പിക്കുമെന്ന് എൻജിനിയർ അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
അതേസമയം, കൈകാട്ടി മുതൽ കാരപ്പാറ തൂക്കുപാലം വരെയുള്ള ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള പൊതുമരാമത്തിന്റെ ഒറ്റവരിപ്പാതയിലും സമാനമായ പ്രശ്നം നിലനിൽക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
പാതയുടെ പല ഭാഗങ്ങളിലും ഇരുവശങ്ങളും ഇടിഞ്ഞ് റോഡിന്റെ വീതി കുറഞ്ഞിട്ടുണ്ട്. ഇതുമൂലം എതിർദിശയിൽനിന്ന് വാഹനങ്ങൾ എത്തുമ്പോൾ പരസ്പരം സൈഡ് നൽകാൻ കഴിയാതെ വാഹനങ്ങൾ ഏറെനേരം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.