പായം പഞ്ചായത്തിലെ അളപ്രയിൽ പ്രവർത്തിക്കുന്ന പന്നിഫാം.
ഇരിട്ടി: പായം പഞ്ചായത്തിലെ അളപ്രയിൽ പ്രവർത്തിക്കുന്ന പന്നിഫാമിനെതിരേ വീണ്ടും പ്രതിഷേധം ശക്തം. ദുർഗന്ധവും മലിനജലം കിണറുകളിലേക്കും മറ്റും ഒഴുകിയെത്തുന്നതുമാണ് വീണ്ടും പ്രതിഷേധത്തിന് വഴിവയ്ക്കുന്നത്. ഫാമിന് സമീപത്തെ വീട്ടു കിണറ്റിൽ മലിനജലം എത്തിയതോടെ കുടിവെള്ളം പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഒന്നര കിലോമീറ്ററോളം ചുറ്റളവിൽ ദുർഗന്ധം വ്യാപിക്കുന്നതായാണ് പരാതി. മൂന്നുവർഷം മുമ്പാണ് പഞ്ചായത്ത് ഫാമിന് ലൈസൻസ് അനുവദിച്ചത്. ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ ആദ്യം ചെറിയ പ്രതിഷേധം ഉയർന്നെങ്കിലും അധികൃതർ അത് ഗൗനിച്ചില്ല. ഫാമിന്റെ ലൈസൻസ് റദ്ദാക്കണ മെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, മനുഷ്യാവകാശ കമ്മിഷൻ, മലിനീകരണ നിയന്ത്രണ വിഭാഗം എന്നിവിടങ്ങളിൽ നേരത്തെ പരാതിയും നൽകിയിരുന്നു. പ്രദേശത്തെ യശോദ കടുമ്പേരി, രാധാ പട്ടുവത്ത്, മാധവി, ശശി, ആന്റണി, വി.കെ. ബാബു എന്നീ കുടുംബങ്ങളാണ് വലിയ ദുരിതത്തിലായത്.