കില കാന്പസിൽ നിർദിഷ്ട സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്തനിലയിൽ.
തളിപ്പറമ്പ്: കരിമ്പം കില കാന്പസിൽ കോടികൾ ചെലവിട്ട് നിർമിക്കാൻ നിശ്ചയിച്ച ജില്ലാ സ്റ്റേഡിയം പദ്ധതി കുറുമാത്തൂർ പഞ്ചായത്തിലേക്ക് മാറ്റുന്നു. പഞ്ചായത്തിലെ വെള്ളാടംപാറയിൽ സ്റ്റേഡിയം നിർമിക്കാനാണ് നീക്കം. ഇവിടെ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥലം എംഎൽഎയായ ടി.കെ. ഗോവിന്ദൻ പറഞ്ഞു.
കരിന്പത്ത് സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞ ശേഷമാണ് സ്റ്റേഡിയം പദ്ധതി കുറുമാത്തൂരിലേക്ക് മാറ്റുന്നത്. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 28ന് അന്നത്തെ കായിക മന്ത്രി വി. അബ്ദുൾ റഹ്മാൻ നിർവഹിക്കുകയും ചെയ്തിരുന്നു. മുൻ എംഎൽഎ എം.വി. ഗോവിന്ദന്റെ ശ്രമഫലമായിട്ടായിരുന്നു കരിന്പത്ത് ജില്ലാ സ്റ്റേഡിയം, സ്പോർട്സ് കോംപ്ലക്സ് പദ്ധതി ആവിഷ്കരിച്ചത്.
കിഫ്ബി ഫണ്ടിൽ 45 കോടി രൂപ ചെലവിട്ട് നിർമാണം നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്കെഎഫ്) സമർ പ്പിച്ച വിശദപദ്ധതി രേഖയ്ക്ക് കിഫ്ബിയുടെ അംഗീകാരവും സാങ്കേതികാനുമതിയും ലഭിച്ചതിനെ തുടർന്ന് ടെൻഡർ നടപടികളും പൂർത്തിയാക്കിയിരുന്നു. കില വിട്ടുനൽകിയ പത്ത് ഏക്കറോളം വരുന്ന സ്ഥലത്ത് സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായുള്ള മണ്ണുനീക്കുന്ന പ്രവൃത്തികളും നടന്നുവരുന്നതിനിടെയാണ് സ്റ്റേഡിയം മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനം.
Tags : Proposed stadium on the Karimpam campus Nattuvishesham DistrictNews