പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത നൈപുണ്യ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുമായി സഹകരിച്ചാണ് പദ്ധതി. ആറ് മാസത്തെ പരിശീലന പരിപാടിയ്ക്കു ശേഷം നൽകുന്ന സർട്ടിഫിക്കറ്റുകൾ പിഎസ്സി പരീക്ഷക്കുള്ള യോഗ്യതാ സർട്ടിഫിക്കറ്റായി ഉപയോഗപ്പെടുത്തുവാൻ കഴിയും. പരിപാടിയിൽ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, അംഗങ്ങളായ യു. അനിത, ലിജി ഷിജു, എൻ.പി. ബാബു, രാജൻ മരുതേരി, കെ.കെ. സുവർണ്ണ, പി.പി. സമീർ, ബിജു സി. എരവട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗം സെക്കീന കാസിം, വ്യവസായ ഓഫിസർ ഇബ്രാഹികുട്ടി, സ്കിൽ ഡെവലപ്പ്മെന്റ് ഓഫിസർ സ്കാലിൻ ചിറ്റിലപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.