ചെറായി: ചെറായി ഭാഗത്തെ പാടശേഖരത്തിൽ മുതലയെ കണ്ടെന്ന് മത്സ്യത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. പെരുമ്പടന്ന സ്വദേശിയായ സത്യൻ കഴിഞ്ഞദിവസം രാത്രി കല്ലുചിറ ഭാഗത്തെ ഒന്നാം തൂമ്പ് പാടശേഖരത്തിൽ മത്സ്യബന്ധനം നടത്തുന്പോഴാണ് മുതലയെ കണ്ടത്. ഭയപ്പെട്ട ഇയാൾ കായലിൽ നീട്ടിയിട്ടിരുന്ന വല എടുക്കാതെ തിരിച്ചുപോയി. പിറ്റേന്ന് രാവിലെ ചെന്ന് വലയെടുക്കുകയാണ് ചെയ്തത്.
സാമാന്യം വലിപ്പമുള്ള മുതല വെള്ളത്തിൽ മുകളിലൂടെ പൊങ്ങി നീന്തുന്നതാണ് ഇയാൾ കണ്ടത്. ഇതോടെ ഈ ഭാഗത്ത് വല നീട്ടിയും മുങ്ങിത്തപ്പിയും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ പരിഭ്രാന്തിയിലായി.
നാളുകൾക്ക് മുന്പ് ഈ ഭാഗത്ത് മുതല കുഞ്ഞിനെ കണ്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. കിഴക്കൻ മലവെള്ള പാച്ചിലിൽ പെരിയാറിലൂടെ ഒഴുകി പുഴ വഴി പാടശേഖരത്തിൽ എത്തിയതായിരിക്കാമെന്നായിരുന്നു നിഗമനം. എന്നാൽ പിന്നീട് ആരും ഇതിനെ കണ്ടിരുന്നില്ല. ഈ ഭാഗത്ത് നേരത്തെ നീർനായ കൂട്ടങ്ങളുടെ ശല്യവും ഉണ്ടായിരുന്നെങ്കിലും സമീപകാലത്തായി ഇത് കുറഞ്ഞു.
ഈ സാഹചര്യത്തിൽ നീർ നായകളെ മുതല പിടിച്ചു തിന്നതായിരിക്കാം എന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ സത്യമുണ്ടോയെന്ന് വനം വകുപ്പ് അധികൃതർ പരിശോധിക്കണമെന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടു.
Tags :