സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്ക
കണ്ണൂർ: പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാത്രമല്ല അവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലും ബദ്ധശ്രദ്ധ വേണമെന്ന് മന്ത്രി സണ്ണി ജോസഫ്. ജില്ലയുടെ പ്രധാന വികസന മുൻഗണനകളും കാഴ്ചപ്പാടുകളും രൂപീകരിക്കുന്നതിനായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നികുതിയേതര വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് ഇക്കഴിഞ്ഞ മാസങ്ങളിൽ ഇക്കാര്യത്തിൽ വിജയം കൈവരിക്കാനായി. ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങൾക്ക് മുൻഗണന നൽകുന്ന വിധത്തിലാവണം പദ്ധതി രൂപീകരണം. അതിൽ കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകണം. ജില്ലയുടെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകണം. ജില്ലയിലെ പ്രധാന പട്ടണങ്ങൾ, താലൂക്ക് ആസ്ഥാനങ്ങൾ എന്നിവയെ ബന്ധിപ്പിക്കാൻ കഴിയുന്ന വിധം റോഡുകൾ വികസിക്കണം. പുതുതലമുറയുടെ ആവശ്യങ്ങൾ പരിഗണിക്കുന്ന വിധത്തിലുള്ള പദ്ധതികൾക്ക് പ്രാമുഖ്യം വേണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ടി.ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ ആമുഖ പ്രഭാഷണം നടത്തി.
പൊതുജനപങ്കാളിത്തം ഉറപ്പാക്കി പദ്ധതികൾ രൂപീകരിക്കുന്നതിനായി വികസന കാഴ്ചപ്പാട് - ആശയസമാഹരണം എന്ന വിഷയത്തിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാണ് യോഗം നടത്തിയത്. മേയർ പി. ഇന്ദിര, എംഎൽഎമാരായ വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, കെ.വി. സുമേഷ്, പി.കെ. പ്രവീൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ കളക്ടർ പി. വിഷ്ണു രാജ്, സംസ്ഥാന ആസൂത്രണ ബോർഡംഗങ്ങളായ ഡോ. പി.പി. ബാലൻ, ജി. വിജയരാഘവൻ, വരുൺ സന്തോഷ്, ശ്രീധർ രാധാകൃഷ്ണൻ, കൃഷി വിഭാഗം ചീഫ് എസ്.എസ്. നാഗേഷ്, ജില്ലാ പ്ലാനിംഗ് ഓഫിസർ ടി. രാജേഷ് എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരുമായുള്ള ചർച്ചയും ആശയ സമാഹരണവും ക്രോഡീകര ണവും നടന്നു.
Tags :